കല്ലമ്പലം: തിരുവനന്തപുരം ജില്ലയിൽ കില കൺസൾട്ടൻസിയിൽ ഐ.എസ്.ഒ ഒന്നാമതായും, സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും നേടി ഒറ്റൂർ ഗ്രാമ പഞ്ചായത്ത് മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാകുന്നു. വികസന പ്രവർത്തനങ്ങളിൽ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ഒറ്റൂർ ഗ്രാമ പഞ്ചായത്ത്.
2017-18 ൽ നൂറ് ശതമാനം പദ്ധതിച്ചെലവും നൂറ് ശതമാനം കരംപിരിവും നേടി സർക്കാരിന്റെ അനുമോദനത്തിനും പാത്രമായി. ക്ഷേമപ്രവർത്തനങ്ങളുടെ കാര്യത്തിൽ പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്ന ഗ്രാമ പഞ്ചായത്താണ് ഒറ്റൂർ പഞ്ചായത്ത്.
പി.ച്ച്.സി.യിൽ ആദ്രം പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതുവഴി എം.എൽ.എ ബി.സത്യന്റെ സഹായത്തോടെ 2019-20 ൽ ആദ്രം പദ്ധതിയിൽ ഇടം നേടാനും പഞ്ചായത്തിന് സാധിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2.5 കോടി രൂപ ചെലവഴിച്ച് സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കി.
കൂടാതെ 60 ച. അടിയിൽ താഴെയുള്ള മുഴുവൻ ഭവനങ്ങൾക്കും സർക്കാർ നിബന്ധനകൾക്ക് വിധേയമായി കരം ഒഴിവാക്കി. ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ സമയബന്ധിതമായ സേവനമാണ് പഞ്ചായത്തിൽ നിന്നും ലഭിക്കുന്നത്. ജീവനക്കാരുടെയും, ഭരണസമിതി അംഗങ്ങളുടെയും യോജിച്ച പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു . വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ഒറ്റൂർ ഗ്രാമ പഞ്ചായത്ത് മുൻനിരയിലാണെന്നും പഞ്ചായത്തിനെതിരെയുള്ള ചിലരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് പറഞ്ഞു.
ഹോമിയോ ആശുപത്രി നാല് അംഗൻവാടികൾ, വെറ്റിനറി സബ്സെന്റർ എന്നിവയ്ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടങ്ങൾ പണിഞ്ഞു. ഹോമിയോ ആശുപത്രിക്ക് കെട്ടിടത്തിന് എം.എൽ.എ യുടെ വികസന ഫണ്ട് ലഭ്യമാക്കി. ഗ്രാമീണ റോഡുകൾ പുനരുദ്ധരിച്ച് സഞ്ചാര യോഗ്യമാക്കി. അശരണർക്ക് ഭക്ഷണം നൽകുന്ന ജില്ലാപഞ്ചായത്ത് സഹകരണത്തോടെയുള്ള പാഥേയം പദ്ധതി കഴിഞ്ഞ രണ്ടുവർഷമായി മുടക്കംകൂടാതെ നടപ്പാക്കിവരുന്നു. ലൈഫ് ഭവനപദ്ധതി പ്രകാരം ഏറ്റെടുക്കുന്ന വീടുകളുടെ പണി പൂർത്തികരിക്കാനുള്ള ഗുണഭോക്താക്കളുടെ ഭവനങ്ങൾക്ക് കരം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചു.