adityan

തിരുവനന്തപുരം: ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് ആദിത്യ പോയതെന്ന് വിശ്വസിക്കാൻ പോലും കുടുംബത്തിനും മറ്റുള്ളവർക്കും കഴിഞ്ഞിട്ടില്ല. നിറമിഴികളോടെ നിശബ്ദരായി അവർ അവനെ നിസഹായരായി നോക്കിനിന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുതൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആയിരങ്ങളാണ് ശാസ്തമംഗലം പൈപ്പിൻമൂടിലെ ബിന്ദുല വീട്ടിലെത്തിയത്. മകന്റെ വേർപാട് ഉള്ളുലച്ചിട്ടും അച്ഛൻ മനോജും അമ്മ ബിന്ദുവും ഏക സഹോദരി സ്വസ്തികയും കണ്ണുനീർ പൊഴിക്കാതെ അവന് യാത്രാമൊഴിയേകി. ശവസംസ്കാര ശുശ്രൂഷയിൽ കണ്ണ് നനയാതെ പ്രാർത്ഥനാഗീതം അവരും ഏറ്റുപാടി. മകന്റെ ജീവൻ അഞ്ചുപേരിലൂടെ തുടിക്കുന്നതാകാം അവർക്ക് ആശ്വസമാകുന്നത്.

പ്രിയ കൂട്ടുകാരനെ കാണാനെത്തിയ സുഹൃത്തുക്കളും അദ്ധ്യാപകരും പരസ്പരം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. നൂറുനാവോടെയാണ് എല്ലാവർക്കും ആദിത്യയെപ്പറ്റി പറയുന്നത്. മാർ ഗ്രിഗോറിയോസ് ലാ കോളേജിലെ നാലാം വർഷ നിയമ വിദ്യാർത്ഥിയായിരുന്ന ആദിത്യ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ശാന്ത സ്വഭാവക്കാരനും ഒരുപാട് സംസാരിക്കാനും തമാശ പറയാനും ഇഷ്ടമുള്ള ആദിത്യ നല്ല ഡാൻസർ കൂടിയായിരുന്നു. കഴിഞ്ഞയാഴ്ചയും കോളേജിൽ നടന്ന പരിപാടിയിൽ ആദിത്യയുടെയും സംഘത്തിന്റെയും ഡാൻസുണ്ടായിരുന്നു. ആ വീഡിയോ വാട്സപ് ഗ്രൂപ്പുകളിലൂടെ ഇപ്പോൾ കാണുമ്പോൾ സങ്കടമാണെന്ന് കൂട്ടുകാർ പറയുന്നു. ദേവാലയത്തിലെ യുവജന സംഘടനയുടെ പ്രസിഡന്റുകൂടിയായിരുന്നു ആദിത്യ. എം.എൽ.എമാരായ വി.കെ പ്രശാന്ത്,​ വി.എസ് ശിവകുമാർ,​ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് മൂന്നിന് നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ സെന്റ് മേരിക്യൂൻ ഒഫ് പീസ് ബസലിക്കയിൽ മൃതദേഹം സംസ്കരിച്ചു. സംസ്കാര ശുശ്രൂഷയിലും നൂറുകണക്കിന് പേർ പങ്കെടുത്തു.