oodaa

മുടപുരം:കോടിക്കണക്കിന് രൂപ ചെലവഴിച്ച് ചിറയിൻകീഴ് - കോരാണി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കവേ ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കാതിരിക്കുന്നത് കാൽനട യാത്രക്കാരെ അപകടത്തിലാക്കുന്നു. റോഡിന്റെ റീടാറിംഗും കട്ടുമുറാക്കൽ പുതിയ പാലവും ഉൾപ്പെടെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്.ഇതിന്റെ ഭാഗമായി മുടപുരം എസ്.എൻ.ജംഗ്‌ഷൻ മുതൽ ആയുർവേദ ജംഗ്‌ഷനിലേക്ക് പോകുന്ന റോഡിലെ ഓടയ്ക്ക് ഇരുവശവും കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്.60 സെന്റിമീറ്റർ വീതിയിലും 1 .20 താഴ്ചയിലുമാണ് ഓട കോൺക്രീറ്റ് ചെയ്തു പുതുക്കി പണിതിരിക്കുന്നത്.എന്നാൽ വീടുകൾക്കും കടകൾക്കും മുന്നിൽ മാത്രമേ സ്ലാബ്‌ ഉള്ളൂ.ആഴത്തിലും ഇടുങ്ങിയതുമായ ഓടയ്ക്കുമുകളിൽ സ്ലാബ്‌ ഇടാത്തത് കാൽനട യാത്രക്കാർക്ക് അപകടമുണ്ടാക്കും.റോഡ് റീടാർ ചെയ്തു അടിപൊളിയാക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹൈസ്പീഡിൽ ചീറിപാഞ്ഞാണ് റോഡിലൂടെ കടന്നു പോകുന്നത്.ഈ സമയം റോഡരുകിലൂടെ വരുന്ന യാത്രക്കാർക്ക് വാഹനം ഇടിക്കുവാതിരിക്കാനായി ഓടയിലേക്ക് കയറിയാൽ കുഴിയിൽ വീഴുമെന്ന കാര്യത്തിൽ സംശയമില്ല.

അതിനാൽ ഓടയ്ക്കുമുകളിൽ പൂർണമായും കോൺക്രീറ്റ് സ്ലാബ്‌ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.