നെയ്യാറ്റിൻകര : ഉഷ്ണകാലം ആരംഭിക്കുന്നതിനും മുൻപേതന്നെ ഉഷ്ണരോഗങ്ങളും തലപൊക്കിത്തുടങ്ങി. പകൽ സമയത്തെ കനത്ത ചൂടും രാത്രിയിലെ തണുപ്പും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഉഷ്ണ കാലത്തെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ബോധവത്കരണ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ വളരെ നേരത്തേ തന്നെ വേനൽ ആരംഭിക്കുന്ന ലക്ഷണമാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. മേഖലയിൽ പലയിടത്തും ചിക്കൻപോക്സ്, വയറിളക്കം എന്നിവ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ മുൻകരുതലെടുക്കേണ്ടി വരും. ചിക്കൻ പോക്സ്, മലേറിയ , വയറിളക്കം, സൂര്യതാപം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഈ വരുന്ന വേനൽക്കാലത്തിൽ നേരിടേണ്ടി വരുന്നത്. കേരളത്തെ സംബന്ധിച്ച് കടുത്ത വേനൽക്കാലമെന്ന് പറയുന്നത് കുംഭം, മീനം, മേടം മാസങ്ങളിലാണ്. അതിന് മുൻപ് വൃശ്ചികം, ധനു, മകരം മാസങ്ങളിലും ചൂട് കൂടുന്നസമയമാണ്. ഈ മാസങ്ങളിലെ മറ്റൊരു പ്രത്യേകത രാത്രി നല്ല തണുപ്പ് ആയിരിക്കുമെന്നുള്ളതാണ്.
ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ആയുസ് മുഴുവൻ നീണ്ട് നിൽക്കുന്ന രോഗങ്ങളായി അവ പരിണമിക്കാം. ഈ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് വേണ്ടത്. വിദ്യാർത്ഥികളെയാണ് ആരോഗ്യ പ്രശ്നങ്ങൾ ഏറെ ബാധിക്കുന്നത്.അതുകൊണ്ട് തന്നെ ശരീരതാപനില നിയന്ത്രിക്കുന്നതിൽ കുട്ടികൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം വെള്ളവും പഴവർഗങ്ങളും കഴിക്കുക എന്നതാണ് ഏക പോംവഴി. കാലാവസ്ഥാ വ്യതിയാനം വളരെയധികം ബാധിച്ചിരിക്കുന്നതിനാൽ ഈ വേനൽക്കാലം കരുതിയിരിക്കേണ്ടതാണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ത്വക്ക് രോഗങ്ങൾ
ചൂട് കാലത്ത് നമ്മെ അലട്ടുന്ന മറ്റൊരു പ്രധാന വ്യാധി. അമിതമായ വിയർപ്പ് ഉണ്ടാകുന്നതാണ് പ്രധാനകാരണം. വിയർപ്പ് കെട്ടിനിന്ന് ജീർണിച്ച് വിവിധങ്ങളായ ഫംഗസ്, ബാക്ടീരിയ രോഗങ്ങൾക്ക് കാരണമാകും. സോപ്പ് ഉപയോഗിക്കാതെ ചെറുപയർപൊടിയോ മറ്റെന്തെങ്കിലും ആയുർവേദ ചൂർണങ്ങളോ തേച്ച് ദിവസവും രണ്ടുനേരം കുളിക്കുന്നത് നല്ലതാണ്.
ചെങ്കണ്ണ്
കണ്ണിൽ അസാധാരണമായ ചുവപ്പും ചൊറിച്ചിലുമാണ് ലക്ഷണം.കണ്ണിൽ മണൽ വാരിയിട്ട പ്രതീതി.
സാധാരണ ഇത് ഒരാഴ്ച വരെ നീണ്ടുനിൽക്കും. കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുകയും ഒരാഴ്ചത്തെ പൂർണമായ സമയ നഷ്ടവുമാണ് ഫലം. നല്ല ശുദ്ധജലത്തിൽ കണ്ണ് കഴുകുക. ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക.
ചിക്കൻപോക്സ്
വേനൽക്കാലത്താണ് ചിക്കൻപോക്സ് കൂടുതലായി കാണപ്പെടുന്നത്. ഹെർലിസ് വൈറസ് കുടുംബത്തിൽപെട്ട വാരിസെല്ലാ സോസ്റ്റർ വൈറസുകളാണ് ചിക്കൻപോക്സിനു കാരണം.
രോഗാണു ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടു തുടങ്ങും.
ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീരത്തിൽ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടും.
മഞ്ഞപ്പിത്തം
ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനൽക്കാലത്ത് കൂടുതലായി കാണപ്പെടുന്നത്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. ശുചിത്വമില്ലായ്മയാണ് രോഗപകർച്ചയ്ക്ക് കാരണം.
മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ ഉപയോഗിക്കുന്നതും രോഗം പകരാം.
പരിസരം വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളിൽ രോഗം വേഗത്തിൽ പടരും. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപിരട്ടൽ, ഛർദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
സൂര്യാഘാതം
അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീർണാവസ്ഥ കേരളത്തിലും കണ്ടുതുടങ്ങി. കഠിനമായ ചൂടിനെ തുടർന്ന് താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നു.
ഇത് ആന്തരാവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് മരണത്തിനു വരെ കാരണമായേക്കാം.
വയറിളക്ക രോഗം
വയറിളക്ക രോഗം വേനൽക്കാലത്ത് കാണപ്പെടുന്നു. ശുചിത്വക്കുറവാണ് ഇതിനു പ്രധാന കാരണം. ഹോട്ടൽ ഭക്ഷണം കൂടുതലായി ആശ്രയിക്കുന്നവർക്കാണ് വയറിളക്കരോഗം പെട്ടെന്ന് പിടിപെടുന്നത്.
ഹോട്ടലുകളിലും മറ്റും കുടിക്കാനായി ലഭിക്കുന്ന വെള്ളം മിക്കവാറും പകുതി തിളപ്പിച്ചവയാണ്. വെള്ളത്തിലെ അണുക്കൾ നശിക്കണമെങ്കിൽ കുറഞ്ഞതു 10 മിനിറ്റെങ്കിലും തിളപ്പിക്കണം
ഡെങ്കിപ്പനി
കൊതുകിനത്തിൽപ്പെട്ട ഈഡിസ് ഈജ്പിതി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം.
രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മധ്യവയ്സകരിലാണ് ഡെങ്കിപ്പനി അധികവും കണ്ടുവരുന്നത്.
പനിയാണ് മുഖ്യലക്ഷണം. രണ്ടാമത്തെ ഘട്ടത്തിൽ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു.