തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ തുടർക്കഥയാകുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ 54 പേരാണ് വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത്. വെള്ളിയാഴ്ച കൊല്ലത്ത് നടന്നതാണ് ഇതിൽ ഒടുവിലത്തേത്. എഴുകോൺ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിനാണ് (52) ഡ്യൂട്ടിക്കിടെ ജനറേറ്റർ റൂമിൽ തൂങ്ങി മരിച്ചത്.
പൊലീസുകാരുടെ ആത്മഹത്യ പതിവായ സാഹചര്യത്തിൽ അവരെ മാനസികമായി ശക്തരാക്കാൻ പ്രത്യേക പരിശീലനം കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദ്ദേശിച്ചതനുസരിച്ച് സേനാംങ്ങളുടെ മാനസിക, കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകളുൾപ്പെട്ട സമിതിയുമുണ്ടാക്കി. മാനസിക സംഘർഷമുള്ളവരെ കൗൺസലിംഗിന് അയയ്ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. ഇതിനിടയിലും ദുഃഖകരമായ സംഭവം ആവർത്തിച്ചു. പൊലീസ് അക്കാഡമിയിൽ കൗൺസലിംഗ് നടത്തുന്ന എസ്.ഐ തന്നെ ഡിസംബറിൽ ജീവനൊടുക്കി. ഇപ്പോഴിതാ ഹെഡ് കോൺസ്റ്റബിളും.
കാരണം
അമിത ജോലിഭാരം, വേണ്ടത്ര അവധി കിട്ടാത്തത്, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, നിസാര കുറ്റങ്ങൾക്കും ശിക്ഷ ലഭിക്കുന്ന സാഹചര്യം, കുടുംബ പ്രശ്‌നങ്ങൾ...
മുഖ്യമന്ത്രി നിർദ്ദേശിച്ചത്
മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാവണം. വിശ്രമം അനുവദിക്കണം
വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങൾ ജില്ലാപൊലീസ് മേധാവിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കണം
കഴിഞ്ഞ 4 വർഷത്തെ ആത്മഹത്യ
2016: 15
2017: 14
2018: 11
2019: 13
റാങ്ക് അനുസരിച്ച്
ഡിവൈ.എസ്.പി: 1
സർക്കിൾ ഇൻസ്‌പെക്ടർ: 5
എസ്.ഐ, എ.എസ്.ഐ: 18
സി.പി.ഒ: 26
വനിതാ സി.പി.ഒ: 4