marad-flat-

ചട്ടം ലംഘിച്ച കെട്ടിടങ്ങൾ ചീട്ട് കൊട്ടാരം പോലെ തകർന്നുവീഴുന്നത് കണ്ണിമചിമ്മാതെ ഇന്നലെ കേരളം നോക്കിനിന്നു. സമ്മിശ്ര വികാരങ്ങളാകാം അത് കണ്ടവരുടെ മനസിലൂടെ കടന്നുപോയത്.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മ‌രടിലെ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് സ്ഫോടനത്തിലൂടെ ഇന്നലെ തകർത്തത്. എച്ച് 2 ഒ ഹോളി ഫെയ്‌ത്ത് ഫ്ളാറ്റും രണ്ട് ടവറുകൾ ചേർന്ന ആൽഫ സെറീൻ ഫ്ളാറ്റും. ഫ്ളാറ്റിന്റെ മരണ സൈറനുകൾ മൂന്ന് തവണ മുഴങ്ങി. ആ നിമിഷങ്ങളിൽ മുൾമുനയിലായിരുന്നു കേരളം. തകർക്കുമ്പോൾ എന്തെങ്കിലും ദുരന്തം സംഭവിക്കുമോ? ശാസ്ത്രവിദ്യയുടെ കൃത്യതയാലും പൊളിക്കലുമായി ബന്ധപ്പെട്ട് നിന്നവരുടെയും നാട്ടുകാരുടെയും പ്രാർത്ഥനയാലും കാര്യമായ ഒരു അപകടവും സംഭവിക്കാതെ പൊളിക്കൽ പൂർത്തിയായി. വർഷങ്ങളെടുത്ത് പണിതുയർത്തിയ സൗധങ്ങൾ വീണത് നിമിഷങ്ങളിൽ. ഗോൾഡൻ കായലോരം,ജെയിൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകൾ ഇന്ന് നിലംപൊത്തും. സ്ഫോടനത്തിൽ ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ അടങ്ങും. അവശിഷ്ടങ്ങൾ മാറ്റപ്പെടും. ശൂന്യതയ്ക്ക് കളിക്കാൻ ഒരുക്കിയിട്ട പോലെ നാല് കളങ്ങൾ അവിടെ ശേഷിക്കും. ഇൗ ഗ്രൗണ്ട് സീറോയിൽ നിന്ന് നമുക്ക് പഠിക്കാനുള്ള പാഠം എന്താണ്?

അതിന് മുമ്പ് പൊളിക്കൽ പ്രൊഫഷണലായി പൂർത്തിയാക്കിയ മുംബയിലെ എഡിഫിസ് എൻജിനീയറിംഗ്, ചെന്നൈയിലെ വിജയ് സ്റ്റീൽസ് എന്നീ കമ്പനികളുടെ സാരഥികളും ജീവനക്കാരും സ്ഫോടന വിദഗ്ദ്ധരും മറ്റു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ കളക്ടറും ഉദ്യോഗസ്ഥരും പൊലീസ് - ഫയർ വിഭാഗങ്ങളും കൂടാതെ എല്ലാത്തിനും സഹായമായി നിന്ന അന്യസംസ്ഥാന തൊഴിലാളികളും തികഞ്ഞ അഭിനന്ദനം അർഹിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്.

നിയമലംഘനമാണ് ഫ്ളാറ്റ് പൊളിക്കുന്നതിന് ഇടയാക്കിയത് എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. ചുട്ടയിലെ ശീലം ചുടലവരെ എന്ന് പറയുന്നപോലെ 95 കാലത്ത് മരട് പഞ്ചായത്ത് അധികൃതർക്കുണ്ടായ ഒരു പ്രധാന വീഴ്ചയാണ് അവസാനം വരെ നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്രയ്ക്ക് ഇടയാക്കിയത്. തീരദേശ പരിപാലന നിയമം ലംഘിച്ചതാണ് ഇൗ നാല് ഫ്ളാറ്റുകളും ചെയ്ത കുറ്റം. ഇതിന് നിർമ്മാതാക്കളെയാണ് സാധാരണക്കാർ ആദ്യം കുറ്റം പറയുന്നത്. അവർക്ക് കുറ്റം ഇല്ലെന്നല്ല. തീരദേശ പരിപാലന സമിതിയിൽ നിന്ന് എൻ.ഒ.സി വാങ്ങേണ്ടത് കെട്ടിടനിർമ്മാതാക്കളല്ല. നിലവിലുള്ള കെട്ടിട നിർമ്മാണ നിയമപ്രകാരം പഞ്ചായത്ത് അധികൃതർക്കാണ് അതിനുള്ള ചുമതല. തീരദേശ പരിപാലന അതോറിട്ടിയെ നേരിട്ട് സമീപിക്കാൻ കെട്ടിട നിർമ്മാതാവിന് അനുമതിയില്ല. നിർമ്മാണ അനുമതിക്കായി ഉടമ ആദ്യം സമീപിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ്. അവരാണ് അപേക്ഷ തീരദേശ പരിപാലന അതോറിട്ടിയുടെ പരിഗണനയ്ക്ക് അയയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. തീരദേശത്തുനിന്ന് മാറിയുള്ള കെട്ടിടങ്ങൾക്ക് അവർക്ക് നേരിട്ട് അനുമതി കൊടുക്കാം. തീരദേശത്തിന്റെ പരിധിയിൽ വരുന്നവയാണെന്ന് ബോദ്ധ്യപ്പെട്ടാൽ പഞ്ചായത്ത് അധികൃതർ ഇൗ അപേക്ഷ അതോറിട്ടിക്ക് കൈമാറണം. അവരുടെ എൻ.ഒ.സി കിട്ടിയതിന് ശേഷമേ നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകാവൂ എന്നാണ് ചട്ടം. മരട് ഫ്ളാറ്റുകൾക്ക് അതോറിട്ടിയുടെ എൻ.ഒ.സി വാങ്ങാതെയാണ് പഞ്ചായത്ത് നിർമ്മാണ അനുമതി നൽകിയത്. ഫ്ളാറ്റ് പൊളിക്കലിലേക്ക് നയിച്ച നിയമലംഘനത്തിന്റെ നാരായവേര് ഇതാണ്. കെട്ടിട നിർമ്മാതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയ മേഖലയിലുള്ളവരും മറ്റും ഇതിനായി ചരട് വലിച്ചിരിക്കാം. അങ്ങനെയുള്ളവരിൽ പലരും നിയമത്തിന്റെ വലയിലാകാതെ പുറത്തുനിൽക്കുമ്പോൾ ഇനിയും ഇങ്ങനെയുള്ള നിയമലംഘനങ്ങൾ ആവർത്തിക്കാനുള്ള സാദ്ധ്യത പൂർണമായും തള്ളിക്കളയാനാകില്ല.

ചേർത്തലയ്ക്ക് സമീപമുള്ള കാപ്പികോ റിസോർട്ടും പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. മരട് ഫ്ളാറ്റുകൾ നിയമം ലംഘിച്ചത് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏത് കോടതിക്കും അതിന്റെ മുമ്പിൽ വരുന്ന വസ്തുതകളും അത് സാധൂകരിക്കുന്ന തെളിവുകളും നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുള്ള വാദങ്ങളും മാത്രമേ പരിഗണിക്കാനാവൂ. ബാഹ്യമായ മറ്റു പരിഗണനകൾ അവിടെ ബാധകമല്ല. പൊളിക്കാൻ ഉത്തരവിട്ടത് ഫ്ളാറ്റ് വാങ്ങിയവർക്ക് വിഷമം ഉണ്ടാക്കുന്നതാണ്. പക്ഷേ ഇൗ വിധി ഭാവിയിൽ ആയിരങ്ങളെ ചതിക്കുഴിയിൽ വീഴാതെ രക്ഷിക്കുന്നത് കൂടിയാണ് എന്ന യാഥാർത്ഥ്യം നമുക്ക് വിസ്‌മരിക്കാനാവില്ല.

കേരളം ഇതിൽനിന്ന് പാഠം പഠിക്കുമോ എന്നതാണ് മില്യൺ ഡോളർ ചോദ്യം. ചിട്ടിതട്ടിപ്പ്, ബ്ളേഡ് തട്ടിപ്പ്, ജോലി തട്ടിപ്പ് തുടങ്ങിയ ഒട്ടേറെ തട്ടിപ്പുകൾ ഋതുഭേദങ്ങൾ മാറുന്നതനുസരിച്ച് ഇവിടെ ആവർത്തിക്കുന്നതാണ് അനുഭവം. നിയമങ്ങൾക്കപ്പുറം ജനങ്ങളുടെ ചിന്താഗതിയിലും വിവേകശക്തിയിലുമാണ് മാറ്റം വരേണ്ടത്. അതിനുള്ള പ്രായോഗിക പാഠങ്ങൾ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ മുൻകൈ എടുക്കേണ്ട കാലം ഇനിയും വൈകിയിട്ടില്ല.