തിരുവനന്തപുരം: ശാസ്തമംഗലത്തെ വാഹനാപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അപകട കാരണമോ അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്ന കാറോ കണ്ടെത്താനാവാതെ പൊലീസ്. ആദ്യ ദിവസങ്ങളിൽ കാറിടിച്ചാണ് അപകടമുണ്ടായതെന്ന് പറഞ്ഞ പൊലീസ് പിന്നീട് കാറല്ല, കഴിഞ്ഞ ദിവസം മരണപ്പെട്ട ആദിത്യയുടെ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചാണ് അപകടമുണ്ടായതെന്ന നിഗമനത്തിലെത്തിയിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കാർ ജവഹർ നഗർ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചിട്ടും മ്യൂസിയം പൊലീസ് നടപടികൾ സ്വീകരിച്ചില്ലെന്നാണ് പരാതി. കാർ ഓടിച്ചയാൾ അപകടത്തിന് ശേഷം ഇറങ്ങിനോക്കിയത് ദൃശ്യങ്ങളിലുണ്ടെങ്കിലും അത് സംഭവസമയം റോഡിലുണ്ടായിരുന്നവർ കണ്ടിട്ടില്ല. കാർ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
ശാസ്തമംഗലം വെള്ളയമ്പലം റോഡിൽ ഡോമിനോസിന് സമീപം ഡിസംബർ 29ന് രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്തമംഗലം ബിന്ദുലയിൽ കെ.വി. മനോജിന്റെ മകൻ ആദിത്യ ബി. മനോജ് (22) കഴിഞ്ഞ ദിവസമാണ് മരിച്ചത്. നെടുമങ്ങാട് വാളിക്കോട് ദാറുൽ ഷിഫായിൽ അബ്ദുൾ റഹീം (44) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഉൗബർ ഈറ്റ്സ് ഭക്ഷണവിതരണക്കാരനായ റഹീം ഓർഡറെടുത്ത ശേഷം റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
ബൈക്കിലെ രക്തക്കറ തുമ്പായേക്കും
ഫൊറൻസിക് പരിശോധനയിൽ ബൈക്കിന്റെ മഡ്ഗാഡിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് വിദഗ്ദ്ധ പരിശോധനയ്ക്കയച്ചു. രക്തം ആരുടേതെന്ന് തിരിച്ചറിഞ്ഞാൽ അപകടത്തെപ്പറ്റി കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രങ്ങളനുസരിച്ച് സാമ്യമുള്ള രണ്ടുപേർ നിരീക്ഷണത്തിലാണെന്നാണ് വിവരം.
ദൃശ്യങ്ങൾ വ്യക്തമാക്കാതെ സി.സി ടിവി കാമറകൾ
അപകടം നടന്നതിന് സമീപത്തെ സ്ഥാപനങ്ങളിലെല്ലാം സി.സി ടിവി കാമറകൾ ഉണ്ടെങ്കിലും റോഡിലെ ദൃശ്യങ്ങൾ വ്യക്തമല്ല. അപകടം നടന്നത് ഞായറാഴ്ച ആയതിനാൽ പല കടകളും നേരത്തെ അടച്ചിരുന്നു. ജോക്കി ഷോറൂമിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയുടെ സി.സി ടിവിയിലാണ് കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. അതിൽ നമ്പർ പ്ലേറ്റ് വ്യക്തമല്ല. കാറിന്റെ ഇടതുവശത്തുനിന്ന് ബൈക്ക് മറികടക്കുന്നതായി ദൃശ്യത്തിലുണ്ട്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. റോഡിൽ നിന്ന് ശബ്ദം കേട്ടാണ് കടകളിലുള്ളവർ അപകടമറിയുന്നത്. അപ്പോൾ കാർ റോഡിലുണ്ടായിരുന്നില്ല. ആദിത്യ ഡിവൈഡറിനോട് ചേർന്നും റഹിം അല്പംകൂടി പിന്നിലായി റോഡിലുമാണ് കിടന്നിരുന്നതെന്ന് ബസ്കിൻ ആൻഡ് റോബിൻസ് ഐസ്ക്രീം പാർലറിലെ അരവിന്ദൻ പറഞ്ഞു.
പൊലീസ് പറയുന്നതിങ്ങനെ
അപകടമുണ്ടായ സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളെല്ലാം അന്നുതന്നെ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിലൊന്നും അപകടമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. ഇളം ബ്രൗൺ നിറത്തിലുള്ള സെൻ എസ്റ്റിലോ കാറാണ്. കെ.എൽ 20 എന്ന് തുടങ്ങുന്ന നമ്പരുള്ള കാറാണിതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ജില്ലയിലെ വിവിധ ആർ.ടി.ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇതേ മോഡൽ കാറുകളുടെ വിവരങ്ങൾ ശേഖരിച്ച് കാറുടമയെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണ്. കാറിടിച്ചുണ്ടാകുന്ന പരിക്കല്ല മരിച്ച റഹിമിന്റെ ശരീരത്തിലുള്ളതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാൽമുട്ടിന് താഴെയാണ് റഹിമിന് പരിക്കേറ്റത്. ഇരുകാലുകളുടെ അസ്ഥിയും ഒടിഞ്ഞിട്ടുണ്ട്. ബൈക്കിടിച്ചാൽ ഇങ്ങനെയാകാം പരിക്കേൽക്കുക. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കാറിന് കാര്യമായ കേടുപാടുകളൊന്നുമില്ലെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
അമിതവേഗതയിലാണ് കാറും ബൈക്കും സഞ്ചരിച്ചതെന്നും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ബി.എം.ഡബ്ലിയുവിന്റെ സ്പോർട്സ് ബൈക്കാണ് ആദിത്യ ഓടിച്ചിരുന്നത്. ഹെൽമെറ്റ് ധരിച്ചില്ലെന്നാണ് കരുതുന്നത്. ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാർ ഓടിച്ചിരുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കിയ പൊലീസ് ഇയാളെ കണ്ടെത്തിയാൽ അപകടത്തെപ്പറ്റി വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.