photo

പുതുച്ചേരി: സൗജന്യ അരി വിതരണ പ്രശ്നത്തിൽ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവർണർക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചു. സൗജന്യ അരിക്ക് പകരം പണം നൽകാനുള്ള തീരുമാനത്തിനെതിരെയാണിത്. ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്തയാഴ്ച വാദം കേൾക്കും.

2016ൽ അധികാരമേറ്റപ്പോൾ സൗജന്യമായി അരി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണവകുപ്പ് അനുമതിയും നൽകി. എന്നാൽ ഫയൽ ലഫ്. ഗവർണർ കിരൺബേദിക്ക് അയച്ചെങ്കിലും അനുമതി നിഷേധിച്ചു. അരിക്ക് പകരം പണം അക്കൗണ്ടിൽ നൽകണമെന്ന് കിരൺബേദി നിർദ്ദേശിച്ചു. സർക്കാർ വഴങ്ങാതെ വന്നതോടെ ഗവർണർ ഫയൽ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്.