തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ 25 ന് ഭരണഘടനാ സംരക്ഷണ മഹാറാലിയും സമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന മഹാറാലിയിൽ മൂന്ന് ലക്ഷം പേർ അണിനിരക്കും. പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദേശീയ നേതാക്കൾ സംസാരിക്കും. ജില്ലാ പ്രസിഡന്റ് കുറ്റിച്ചൽ ഹസൻ ബസരി മൗലവി, ജനറൽ സെക്രട്ടറി എസ്.എച്ച്. താഹിർ മൗലവി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പാച്ചല്ലൂർ അബ്ദു സലീം മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, അൽ അമീൻ റഹ്മാനി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.