തിരുവനന്തപുരം: സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പ്രാദേശിക സിദ്ധ ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് ദേശീയ സിദ്ധ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നാളെ നടക്കും. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ. നവജോത് ഖോസ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ.കെ. ജമുന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ജോളികുട്ടി ഈപ്പൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മുതൽ പൂജപ്പുര സരസ്വതീമണ്ഡപത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.