theruv-nai-vahanam

വർക്കല: ആറ്റിങ്ങൽ നഗരസഭയിൽ നിന്നു വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ഇലകമൺ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിൽ തെരുവ് നായ്ക്കളുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കരവാരം മൃഗാശുപത്രിക്ക് സമീപം വാഹനം തടഞ്ഞത്. ആറ്റിങ്ങൽ മൃഗാശുപത്രിയിൽ വന്ധ്യംകരണത്തിനുള്ള സൗകര്യമുണ്ടായിട്ടും തെരുവ് നായ്ക്കളെ ഇലകമണിൽ കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. 50ൽപരം തെരുവ് നായ്ക്കളെയാണ് കൂട്ടിലടച്ച് വാഹനത്തിൽ കൊണ്ടു വന്നത്. വന്ധ്യംകരണത്തിനായി കൊണ്ടുവരുന്ന തെരുവ് നായ്ക്കൾ കൂട്ടിൽ നിന്നു ഇറക്കുമ്പോൾ ചാടിപോവുകയും വന്ധ്യംകരണം നടത്തിയശേഷം തിരികെ ഒഴിഞ്ഞ പ്രദേശത്ത് തുറന്നുവിടുന്നതും കാരണം ഇലകമൺ ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് ഇലകമൺ മണ്ഡലം പ്രസിഡന്റ് വിനോജ് വിശാൽ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ അയിരൂർ പൊലിസെത്തി രേഖകൾ പരിശോധിച്ച് തെരുവ് നായക്കളുമായി വാഹനം ആറ്റിങ്ങലിലേക്ക് തന്നെ തിരികെ അയയ്ക്കുകയായിരുന്നു.