തിരുവനന്തപുരം : കാൻസർ പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. പ്രതിവർഷം 50,000 പേർ കാൻസർ രോഗ ബാധിതരാകുന്ന സാഹചര്യത്തിലാണ് വിദഗ്ദ്ധ ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന ബോർഡ് രൂപീകരിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കേരളത്തിൽ മൂന്ന് കാൻസർ സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് കാൻസർ ചികിത്സയുള്ളത്. ഇവയെ ഏകോപിപ്പിക്കുന്നതാണ് കെയർ ബോർഡ്.
ബോർഡിന്റെ ഘടന
സംസ്ഥാന, ജില്ലാ തലങ്ങളുണ്ടാകും. സംസ്ഥാനതല സമിതിയിൽ ആരോഗ്യ മന്ത്രി അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റീജിയണൽ കാൻസർ സെന്ററുകളിലെ ഡയറക്ടർമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കാൻസർ വിദഗ്ദ്ധൻ എന്നിവർ അംഗങ്ങളാകും.
സംസ്ഥാനതല സമിതിക്ക് താഴെ പ്രതിരോധം, ചികിത്സ, മരുന്നുകളും ഉപകരണങ്ങളും വാങ്ങൽ എന്നിവയ്ക്ക് സബ് കമ്മിറ്റികൾ. ഇതിന് അനുബന്ധമായാണ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് മേൽനോട്ടം. മൂന്ന് ജില്ലകൾക്ക് ഒരു റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് എന്നിങ്ങനെയാണ് ജില്ലാ കമ്മിറ്റിയുടെ പരിധി.