കഴക്കൂട്ടം: സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെ ലൈഫ് പദ്ധതിയെപ്പോലും ഇതു ബാധിക്കുന്നുണ്ടെങ്കിലും കെട്ടിടം പൂർത്തിയാക്കിയവർക്ക് അവസാന ഗഡു ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പോത്തൻകോട് ബ്ലോക്കിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് എ.ഷാനിബാബീഗം അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേണുഗോപാലൻനായർ, ആർ.ഉഷാകുമാരി,വേങ്ങോട് മധു,ഫെലിക്സ്, ഇന്ദിര,ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. രാധാദേവി, എം.ജലീൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.യാസിർ, അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, ബ്ലോക്ക് സെക്രട്ടറി ഷൈനി എന്നിവർ സംസാരിച്ചു.