കുഴിത്തുറ:കളിയിക്കാവിള ചെക്ക് പോസ്റ്റിൽ വെടിയേറ്റുമരിച്ച വിൽസൻ കുടുബത്തെക്കാളേറെ സ്നേഹിച്ചത് പൊലീസ് ജോലിയെയാണെന്ന് ഭാര്യ ഏഞ്ചൽ മേരി. ഭർത്താവിന്റെ മരണം തനിക്കും മക്കൾക്കും താങ്ങാവുന്നതിനും അപ്പുറമാണ്. ഇളയമകൾ വിനീത ബുദ്ധിസ്ഥിരത ഇല്ലാത്ത കുട്ടിയാണ്. അവളെ താനൊറ്റയ്ക്ക് എങ്ങനെ വളർത്തുമെന്നറിയാതെ തേങ്ങുകയാണ് ഏഞ്ചൽ മേരി.
തന്റെ ഭർത്താവിന്റെ ജീവന് പകരമാവില്ല മറ്റെന്തുകിട്ടിയാലും. സംഭവത്തെപ്പറ്റി മൂത്തമകൾ റമീജ പറയുന്നത് ഇങ്ങനെ: രാത്രി അച്ഛൻ വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നു എന്ന വിവരമാണ് താൻ ആദ്യം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലെത്തി. അച്ഛന് കുഴപ്പമില്ലെന്നും തിരിച്ചു വീട്ടിൽ പോകാനും പൊലീസുകാർ പറഞ്ഞു. എന്നാൽ അച്ഛനെ കാണണമെന്നു പറഞ്ഞ് ഞാൻ അവിടെ ഇരുന്നു. അപ്പോഴാണ് അറിയുന്നത് അച്ഛൻ മരിച്ചെന്ന്. എനിക്ക് താങ്ങാനായിരുന്നില്ല അത്. സഹ പൊലീസുകാരോട് നല്ല രീതിയിലാണ് വിൽസൺ പെരുമാറിയിരുന്നതെന്നും ഡ്യൂട്ടി കൃത്യനിഷ്ഠയോടെ ചെയ്തുതീർക്കുന്ന ആളായിരുന്നുവെന്നും എസ്.എസ്.ഐ സ്റ്റീഫൻ പറഞ്ഞു.