ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പത്ത് വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ആറ്റിങ്ങൽ അയിലം റൂട്ടിലോടുന്ന തിരുവാതിര ബസ് ജീവനക്കാരിൽ നിന്നാണ് സ്കൂൾ കുട്ടികൾക്ക് അപമാനം നേരിട്ടത്. അവനവഞ്ചേരി സ്കൂളിനു സമീപത്തെ കിടുത്തട്ട് മുക്കിൽ നിന്ന് രണ്ടു മണിയോടെ ബസിൽ കയറിയ കുട്ടികൾ എസ്.ടി ആവശ്യപ്പെട്ടപ്പോഴാണ് ശനിയാഴ്ച ദിവസമായതിനാൽ മുഴുവൻ തുകയുടെയും ടിക്കറ്റ് എടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടത്. അത് നൽകാൻ കുട്ടികൾക്ക് കഴിയാതെ വന്നപ്പോഴാണ് ബസ് നിറുത്തി കൈപ്പറ്റിമുക്കിനു സമീപം നടു റോഡിൽ ഇറക്കിവിട്ടത്. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. സ്കൂളിൽ നടന്ന പരിശീലന പരിപാടി കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യൂണിഫോം ധരിച്ച ഈ കുട്ടികൾ തങ്ങൾക്ക് ശനിയാഴ്ചകളിലും ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും സൗജന്യ യാത്ര ചെയ്യാനുള്ള സർക്കാർ ഉത്തരവുണ്ടെന്ന് പറഞ്ഞിട്ടും ജീവനക്കാർ കേൾക്കാൻ കൂട്ടാക്കിയില്ല. മുൻപും സമാനമായ സംഭവം ഈ റൂട്ടിൽ ഉണ്ടാകുകയും കുട്ടികളുടെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് ബസ് ജീവനക്കാർക്ക് വ്യക്തമായ നിർദ്ദേശം നൽകി പരാതി പരിഹരിച്ചിരുന്നു.
പൊലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഉൾപ്പെടെയാണ് കുട്ടികൾക്ക് സ്കൂളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇത്തരം സാഹചര്യങ്ങളിൽ അവധി ദിവസങ്ങളിൽ യൂണിഫോം ധരിച്ചു യാത്ര ചെയ്യുന്ന കേഡറ്റുകൾക്ക് സ്വകാര്യ ബസിലും കെ.എസ്.ആർ.ടി.സി ബസിലും ഉൾപ്പെടെ സൗജന്യ യാത്ര അനുവദിക്കണം എന്ന ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് നിലനിൽക്കവെയാണ് നടുറോഡിൽ വിദ്യാർത്ഥികൾ അപമാനിക്കപ്പെട്ടത്.