ആറ്റിങ്ങൽ: സ്വയം തൊഴിലിലൂടെ വനിതകളെ പര്യാപ്തരാക്കാനായി ആറ്റിങ്ങലിൽ ആരംഭിച്ച വിനിതാ വ്യവസായ കേന്ദ്രം അവഗണനയിൽ. വസുമതി ജി.നായർ‌ ചെയർപേഴ്‌സണായിരുന്ന കാലത്താണ് കൃഷി ഭവൻ വളപ്പിൽ വ്യവസായ കേന്ദ്രം ആരംഭിച്ചത്. ബഹുനില കെട്ടിടം നിർമ്മിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി ദീർഘ വീക്ഷണത്തോടെയായിരുന്നു നിർമ്മാണം. എന്നാൽ ഇവരുടെ ഭരണം കഴിഞ്ഞു വന്ന മറ്റ് ഭരണ സമിതികൾ ഈ കേന്ദ്രത്തെ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതിനാൽ ക്രമേണ എല്ലാ യൂണിറ്റുകളും നഷ്ടം കാരണം പൂട്ടുകയായിരുന്നു. ആറ്റിങ്ങലിൽ വനിതാ വികസന കേന്ദ്രം ആരംഭിച്ചത് ഏറെ തന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.ഇപ്പോൾ പരിസരം മുഴുവൻ കാടുകയറി ആരും തിരിഞ്ഞു നോക്കാത്ത ഇടമായിരിക്കുകയാണിപ്പോൾ. അടിയന്തിരമായി ഇവിടെ വനിതാ വ്യാവസായ കേന്ദ്രങ്ങൾ സജീവമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ആരംഭിച്ചത് 2002- 2003ൽ

ചെലവ് 20 ലക്ഷം രൂപ

നിർമ്മിച്ചത് -10 മുറികളുള്ള കേന്ദ്രം

പ്രവർത്തിച്ചിരുന്നത്

വനിതകൾ മാത്രം തെഴിലെടുക്കുന്ന പ്ലാസ്റ്റിക് ഫ്ലവർ നിർമ്മാണം,തയ്യൽ കേന്ദ്രം,എംബ്രോയിഡറി വർക്ക്,നാടൻ പലഹാര നിർമ്മാണ യൂണിറ്റ്,ഡി.ടി.പി സെന്റർ, ബുക്ക് ബയിന്റിംഗ് സെന്റർ, കറിപൗഡർ നിർമ്മാണ യൂണിറ്റ്,പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങി പത്ത് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു.ഇതിന്റെ അവശിഷ്ടം എന്ന നിലയിൽ ഇപ്പോൾ ഒരു യൂണിറ്റിൽ പൂട്ടിക്കിടക്കുന്ന മുറിയിൽ 13 കമ്പ്യൂട്ടറുകൾ പൊടിപിടിച്ച് ഉപയോഗ ശൂന്യമായ നിലയിൽ ഇരിപ്പുണ്ട്.ആടുത്തിടെ ഇതിലെ ഒരു മുറിയിൽ വനിതൾ സംഘടിച്ച് ടെക് സ്റ്റയിൽസ് ഉപയോഗത്തിനുള്ള നോൺ വേവൻ കവറുകൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം നടക്കുന്നതിനു മുൻപ് ധാരാളം ഓർഡർ ലഭിച്ചതിനാൽ അതിന്റെ വർക്കുമാത്രം കുറച്ചുകാലം നടന്നു. ഇപ്പോൾ അതും പൂട്ടി.

വനിതാ വ്യവസായ കേന്ദ്രം പുന ക്രമീകരിക്കാൻ അടിയന്തിര നടപടി ആരംഭിച്ചു. അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വനിതകൾക്കായി രണ്ടു ദിവസത്തെ പരിശീലനം നടന്നു. എൻ.യു.എൽ.എം പദ്ധതി പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ തുടങ്ങി വിവിധ അവശ്യ സാധനങ്ങളുടെ നിർമ്മാണ യൂണിറ്റ്, തയ്യൽ യൂണിറ്റ് എന്നിവയാണ് ആദ്യഘട്ടമെന്ന നിലയിൽ ആരംഭിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷം തന്നെ ഇത് പ്രാവർത്തികമാക്കും.

എം. പ്രദീപ്, ചെയർമാൻ, ആറ്റിങ്ങൽ നഗരസഭ