1

കാഞ്ഞിരംകുളം: നാലു മാസം ഗർഭിണിയായ ഭാര്യയെ പിഞ്ച് കുഞ്ഞിന് മുന്നിൽവച്ച് യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈനി (25) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ഭർത്താവ് നിധീഷിനെ (33) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. സംശയ രോഗമാണ് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

പൊലീസ് പറഞ്ഞത്: ഇന്നലെ രാവിലെ ഇരുവരും തമ്മിൽ വഴക്കിട്ടു. നിധീഷിന്റെ മർദ്ദനമേറ്റ ഷൈനി ബോധരഹിതയായി നിലത്ത് വീണു. കുറച്ച് കഴിഞ്ഞ് ബോധം വീണ്ടെടുത്ത ഷൈനി സംസാരിക്കാൻ ശ്രമിക്കുമ്പോൾ വായിൽ തുണി തിരുകിയ ശേഷം കഴുത്ത് ഞെരിക്കുകയായിരുന്നു. കാലുകൾ തോർത്തുപയോഗിച്ച് കെട്ടിയ ശേഷമായിരുന്നു അരും കൊല.

മൂന്നു വയസുള്ള ഇവരുടെ മകൻ കെവിൻ ഇതെല്ലാം കണ്ടു പേടിച്ച് നിലവിളിച്ചെങ്കിലും പരിസരവാസികൾ കേട്ടില്ല. ഉച്ചയോടെ നിധീഷ് സഹോദരിയെ വിളിച്ച് കാര്യം പറഞ്ഞു. അവർ കാഞ്ഞിരംകുളം പൊലീസിനെ അറിയിക്കുകയായിരുന്നു.

കാഞ്ഞിരംകുളം എസ്.ഐ ബിനു ആന്റണിയുടെ നേതൃത്വത്തിൽ പൊലീസെത്തി വീട്ടിൽ നിന്ന് പ്രതിയെ പിടികൂടി. സംഭവമറിഞ്ഞെത്തിയ ഷൈനിയുടെ ബന്ധുക്കൾ ബഹളം വച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ആർ.ഡി.ഒ മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.