പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയെ പഞ്ചായത്ത് പാലിയേറ്റിവ് കെയർ അധികൃതർ വീട്ടിലെത്തി ആദരിച്ചു. ഇഞ്ചിവിള വാർഡിൽ മില്ലുവിള വീട്ടിൽ 111 വയസുള്ള പീരുമ്മയെയാണ് ആദരിച്ചത്. കേരള പാലിയേറ്റിവ് കെയർ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്‌ദലി, ഹെൽത്ത് ഇൻസ്‌പെക്ടർ വി. ശശി എന്നിവരുടെ നേതൃത്വത്തിൽ ആണ് പാറശാല താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ.ബി. ഉണ്ണികൃഷ്‍ണൻ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. മുത്തശ്ശിയുടെ ആരോഗ്യ പരിശോധന നടത്തി. സ്നേഹോപകാരങ്ങളും നൽകി.