തിരുവനന്തപുരം: ഫ്ളാറ്റായാലും വീടായാലും നിർമ്മിക്കുന്ന ഭൂമിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലെങ്കിൽ ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പെട്ടേക്കാം. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ പ്രത്യാഘാതം വാങ്ങുന്നവർ അനുഭവിക്കേണ്ടിവരുമെന്നാണ് മരട് നൽകുന്ന പാഠം. വാങ്ങും മുൻപ് നിയമപ്രകാരമാണെന്ന് രേഖകൾ കണ്ട് ഉറപ്പു വരുത്തണം.
തീരദേശ പരിപാലന നിയമം ലംഘിച്ചതിനാലാണ് മരടിലെ ഫ്ലാറ്റുകൾക്ക് മരണം വിധിച്ചത്. തീരദേശ പരിപാലന മേഖലകളെ (കോസ്റ്റൽ റഗുലേഷൻ സോൺ– സി.ആർ.ഇസഡ്) കേന്ദ്ര പരിസ്ഥിതി വകുപ്പ് വിവിധ രീതിയിൽ തരം തിരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിർമ്മാണം അനുവദനീയമല്ലാത്ത മേഖലകളും നൂറു മീറ്ററിനുള്ളിൽ നിയന്ത്രണമുള്ള മേഖലകളുമുണ്ട്. കണ്ടൽക്കാടുകൾ പോലുള്ള പ്രദേശങ്ങളാണു സി.ആർ.ഇസഡ് ഒന്നിൽ വരുന്നത്. നഗര പ്രദേശത്തെ തീരമേഖലയോ അതിനു വളരെ അടുത്തുള്ള സ്ഥലങ്ങളോ ആണ് സോൺ രണ്ടിൽ. മുനിസിപ്പാലിറ്റികളും കോർപറേഷനുകളും രണ്ടിലാണ്. ഉൾപ്രദേശങ്ങളിലെ തീരദേശ മേഖലകളാണു സോൺ മൂന്നിൽ. മുനിസിപ്പൽ പരിധിയിൽ കാര്യമായ വികസനം നടക്കാത്ത സ്ഥലങ്ങളും പഞ്ചായത്തുകളും മൂന്നിലാണ്. കൂടുതൽ നിയന്ത്രണങ്ങളുള്ള മേഖലയിലാണിത്.
വേലിയിറക്ക രേഖയിൽ നിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽ ദൂരം വരെയാണ് സോൺ നാലിൽ. പ്രത്യേക പരിഗണന ആവശ്യമായിവരുന്ന സ്ഥലങ്ങളാണ് സോൺ അഞ്ചിൽ. കായലുകളും കായൽത്തുരുത്തുകളുമാണ് ഇതിൽ.
മരടിൽ സംഭവിച്ചത്
നിർമാണം ആരംഭിച്ചപ്പോൾ സോൺ മൂന്നിലാണ് മരട് ഉൾപ്പെട്ടിരുന്നത്. തീരദേശ പരിപാലന നിയമത്തിൽ വന്ന ഭേദഗതി അനുസരിച്ച് സോൺ രണ്ടിലേക്കു മാറിയെങ്കിലും നിർമാണ സമയത്തുണ്ടായിരുന്ന നിയമമാണു ബാധകം എന്ന വ്യവസ്ഥ തിരിച്ചടിയായി
സി.ആർ.ഇസഡ് പരിധിയിൽ വരുന്ന ഏതു നിർമാണത്തിനും കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടിയുടെ അനുമതി വേണം.
സി.ആർ.ഇസഡ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി പണികൾ നിറുത്തിവയ്ക്കാൻ മരട് പഞ്ചായത്ത് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകി. ഇതിനെതിരെ നിർമ്മാതാക്കൾ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി ഫ്ളാറ്റ് കെട്ടിപ്പൊക്കി വിറ്റു
സുപ്രീംകോടതി നിയമത്തിൽ മുറുകെപ്പിടിച്ചപ്പോൾ നിൽക്കക്കള്ളിയില്ലാതായി.
വിട്, ഫ്ളാറ്റ് വാങ്ങുമ്പോൾ
1. നിയമവിദഗ്ദ്ധന്റെ സഹായത്തോടെ രേഖകളുടെ നിയമസാധുത ഉറപ്പാക്കണം. ബിൽഡിംഗ് നമ്പർ പ്രധാനം
2. നിർമ്മാണം നിയമപരെന്ന് അംഗീകരിച്ച് നൽകുന്ന കംപ്ലീഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടണം
4. ബിൽഡിംഗ് നമ്പരിനെക്കുറിച്ചുള്ള വിവരം തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കും
5. പണി നടക്കുന്ന ഘട്ടങ്ങളിൽ പണം നൽകുന്നവർ നിർമ്മാണം സുതാര്യമാണെന്ന് ഉറപ്പാക്കണം