കിളിമാനൂർ: വേനൽ എത്തും മുൻപേ ജല സംഭരണികളിലെയും നദികളിലെയും നീരൊഴുക്കു കുറയുന്നു.കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു വരൾച്ചയെങ്കിൽ ഇപ്പോൾ ജനുവരിയിലെ നദികളിലും, പുഴകളിലും ജലം വറ്റിത്തുടങ്ങി. ഈ പോക്ക് പോയാൽ വാമനപുരം നദിയിലും ചിറ്റാറിലും ജലമൊഴുക്ക് കുറയുന്നതോടെ ഇരു നദികളെയും ആശ്രയിച്ചുള്ള ഒരു ഡസനിലേറെയുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും സ്തംഭിക്കും.

വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകൾ നിർമിച്ചിട്ടില്ല. ഇതുകാരണം വേനൽക്കാലത്ത് വെള്ളം സംഭരിച്ച് നിറുത്തി ജലവിതരണം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. കിളിമാനൂർ, പഴയ കുന്നുമ്മൽ, മടവൂർ പഞ്ചായത്തുകൾക്കായി 32 കോടിയിലേറെ ചെലവിട്ട് നടപ്പാക്കിയ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയും ജലക്ഷാമത്തെ തുടർന്ന് തടസപ്പെടുന്ന അവസ്ഥയിലാണ്. കാരേറ്റ് വാമനപുരം നദിയിൽ നിന്നാണ് ഈ പദ്ധതിയിലേക്ക് ആവശ്യമായ വെള്ളം പമ്പു ചെയ്ത് വരുന്നത്. എന്നാൽ നദിയിലെ ഒഴുക്ക് നിലയ്ക്കുന്നതോടെ സമീപ ഭാവിയിൽ കുടിവെള്ള പദ്ധതി മുടങ്ങാൻ ഇടയുണ്ട്. കരമന, അരുവിക്കര, നെയ്യാർ നദികളിൽ ഒരു ഡാം വെച്ചെങ്കിലും ഉള്ളപ്പോൾ ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട് താലൂക്കുകൾ വെള്ളത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയിൽ ഒരു മിനി ഡാം പോലും ഇല്ല. ഒരു തടയണയെങ്കിലും നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.വാമനപുരം നദിയിൽ പൂവമ്പാറയിൽ തടയണ ഉണ്ടങ്കിലും അത് കായലിലെ ഉപ്പുവെള്ളം കയറാതിരിക്കാൻ വേണ്ടിയുള്ളതാണ്. ഓരോ തവണയും വാട്ടർ അതോറിട്ടി തടയണയ്ക്ക് വേണ്ടി പ്രപ്പോസൽ വയ്ക്കുമെങ്കിലും ഇറിഗേഷൻ റിപ്പാർട്ട്മെന്റ് അത് നിരസിക്കുകയും താല്ക്കാലിക തടയണ നിർമ്മിക്കാൻ അനുവദിക്കുകയും മഴക്കാലമാകുമ്പോൾ നീരൊഴുക്കിന് തടസ്സം ഉണ്ടാകാതിരിക്കാൻ പൊളിച്ചു മാറ്റാൻ ഉത്തരവിറക്കുകയുമാണ് പതിവെന്ന് അക്ഷേപമുണ്ട്. ഇത്തരത്തിൽ താല്ക്കാലിക തടയണ നിർമ്മിക്കാൻ തന്നെ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. സ്ഥിരമായി തടയണകൾ നിർമ്മിച്ചാൽ ജലക്ഷാമത്തിന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.