തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപറേറ്റുകളുടെ ഉത്തമനായ ഫെസിലിറ്റേറ്റർ ആണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. വർഗീയത മറയാക്കി പൊതുസ്വത്താകെ കുത്തകകൾക്ക് കൈമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്‌റ്റാഫ് യൂണിയൻ മാർ ഇവാനിയോസ് കാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തകകളെ നിർലോഭം സഹായിക്കുന്ന കേന്ദ്രം നടപ്പുസാമ്പത്തിക വർഷം മാത്രം 1.45 ലക്ഷം കോടിയുടെ നികുതി ഇളവാണ് നൽകിയത്. വൻകിടക്കാരുടെ 1.86 ലക്ഷം കോടിയുടെ വായ്‌പകൾ എഴുതിത്തള്ളിയെന്നും വിജയരാഘവൻ പറഞ്ഞു. കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്.ഷൈൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ബി.വിജയകുമാർ, സംസ്ഥാന സെക്രട്ടറി കെ.ബാബു, വി.കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു.