തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 2015ലുപയോഗിച്ച വോട്ടർപട്ടിക തന്നെ അടിസ്ഥാന മാനദണ്ഡമാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നൽകിയ കത്ത് സാങ്കേതികപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കമ്മിഷൻ തള്ളി. പ്രതിപക്ഷനേതാവിന് പ്രായോഗികതടസങ്ങൾ വിശദീകരിച്ച് കമ്മിഷൻ കത്ത് നൽകി.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകൾക്കും ബൂത്തുകൾ രണ്ട് തരത്തിലായതിനാൽ പാർട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് കമ്മിഷന്റെ നിലപാട്. നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകൾക്കുള്ള ബൂത്തുകൾ നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് വിഭജിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന് വാർഡടിസ്ഥാനത്തിലാണ് ബൂത്ത് വിഭജനം. 2015ൽ ഒരു വർഷം നീണ്ട പ്രവർത്തനത്തിലൂടെയാണ് വോട്ടർപട്ടിക തയ്യാറാക്കിയത്. ലോക്‌സഭയിലെ വോട്ടർപട്ടിക മാനദണ്ഡമാക്കിയാൽ വീണ്ടും ഇതേ പ്രക്രിയയിലൂടെ കടന്നുപോകണം. തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ ഇത് പ്രായോഗികമല്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഫെബ്രുവരി 28ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷന്റെ നീക്കം.
2015ലെ വോട്ടർപട്ടിക ആധാരമാക്കുമ്പോൾ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിന് വിശദമായ പരിശോധനാപ്രക്രിയ വേണ്ടിവരും. ഇതുകാരണം എല്ലാവരെയും ഉൾപ്പെടുത്താനാകുമോയെന്നാണ് സി.പി.എമ്മിന്റെ ആശങ്ക. അതുകൊണ്ടുതന്നെ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടിട്ട പുതിയ വോട്ടർമാരെ കാര്യമായ പരിശോധന കൂടാതെ ഉൾപ്പെടുത്തണമെന്ന് സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് കമ്മിഷൻ അറിയിച്ചെന്നാണ് വിവരം.
കമ്മിഷൻ കർക്കശനിലപാട് സ്വീകരിച്ച സാഹചര്യത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ഇനിയെന്ത് സമീപനം സ്വീകരിക്കുമെന്നതും ആകാംക്ഷയുണർത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫ്, കമ്മിഷനോട് തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങിയേക്കാം.