തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വിൽസണിനെ വെടിവച്ച് കൊന്ന കേസിൽ ഇഞ്ചിവിള സ്വദേശികളായ തസീം (31), സിദ്ധിഖ് (22) എന്നിവരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതികളായ തൗഫീക്കിനും അബ്ദുൾ ഷെമീമിനും ഇരുവരുമായി അടുത്ത ബന്ധമുണ്ടെന്നും കൊലപാതകത്തിന് മുമ്പ് തൗഫീക്ക് പലതവണ ഇവരെ ഫോണിൽ വിളിച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, ഒളിവിൽ പോയ പ്രതികളെ കുടുക്കാൻ ഇതുവരെയായിട്ടില്ല.
കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങൾ ഇരുവരും നൽകി. തൗഫീക്കും ഷെമീമും ഉൾപ്പെട്ട ഭീകര സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. പാറശാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ കേരള പൊലീസ്, തമിഴ്നാട് ക്യൂബ്രാഞ്ച്, ഭീകരവിരുദ്ധ സ്ക്വാഡ്, എൻ.ഐ.എ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ രാത്രി വൈകിയും ചോദ്യംചെയ്തു.
ഇന്നലെ രാവിലെ പാറശാല ഇടിച്ചക്കപ്ലാമൂട്ടിൽ നിന്ന് അസാം സ്വദേശികളായ രണ്ടു തൊഴിലാളികളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്ത ശേഷം ഉച്ചയോടെ വിട്ടയച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്നാട് ക്യൂബ്രാഞ്ച് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച രാത്രിയാണ് എ.എസ്.ഐ വിത്സൻ വെടിയേറ്റ് മരിക്കുന്നത്. പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യൂബ്രാഞ്ച് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാകാം കൊലപാതകമെന്നാണ് നിഗമനം.