തിരുവനന്തപുരം: സാക്ഷരതാമിഷന്റെ ഒമ്പതാമത് തുടർ വിദ്യാഭ്യാസ കലോത്സവത്തിന്റെ രണ്ടാംദിനത്തിൽ മൊത്തം 144 ഇനങ്ങളിൽ 40 എണ്ണം പൂർത്തിയായപ്പോൾ 97 പോയിന്റുമായി തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 58 പോയിന്റുമായി തൃശൂരും 55 പോയിന്റുമായി മലപ്പുറവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. പത്താംതരം, ഹയർസെക്കൻഡറി വിഭാഗത്തിൽ 38 പോയിന്റുമായി ട്രാൻസ്‌ജെൻഡർ വിഭാഗം മേൽക്കോയ്മ നേടി. ഇതിൽ 33 പോയിന്റും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചുള്ളതാണ്. സംഘനൃത്തം, ഒപ്പന, തിരുവാതിര, മാപ്പിളപ്പാട്ട്, നാടൻപാട്ട്, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങി 15 ഇനങ്ങളിലാണ് ട്രാൻസ്‌ജെൻഡർ വിഭാഗം മത്സരിച്ചത്.കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മന്ത്രി സി.രവീന്ദ്രനാഥ് പുരസ്‌കാരം സമ്മാനിച്ചു. ഇതിൽ കാസർകോട്, പത്തനംതിട്ട ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടത്തുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കുള്ള ഒന്നാം സമ്മാനത്തിന് നഗരസഭയുടെ 81 മുതൽ 100 വരെയുള്ള വാർഡുകൾ അർഹമായി.