കാട്ടാക്കട: വനംവകുപ്പിന്റെ ഓഫീസിന് സമീപം ഉപേക്ഷിക്കപ്പെട്ട ആക്രിസാധാനങ്ങളുടെ കൂട്ടത്തിൽ കേടായ വയർലസ് സെറ്റുകളും.നെയ്യാർഡാം ചീങ്കണ്ണി പാർക്കിന് സമീപത്തെ ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് കേടായ നിരവധി വയർലസ് സെറ്റുകൾ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് നെയ്യാർഡാം ഫോറസ്റ്റ് ഓഫീസ്. വർഷങ്ങൾക്ക് മുൻപ് നെയ്യാർഡാം വന്യജീവി സങ്കേതകേന്ദ്രത്തിനടുത്ത് മാവോയിറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തദ്ദേശീയരും വിദേശീയരുമായ നൂറുകണക്കിന് വിനോദ സഞ്ചാരികൾ ദിനംപ്രതി വന്നുപോകുന്ന നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിനുള്ളിലാണ് വന്യജീവി സങ്കേത കേന്ദ്ര ഓഫീസ്. ഇവിടെ അലക്ഷ്യമായി ഉപേക്ഷിച്ചിക്കുന്ന ഈ വയർലസ് സെറ്റുകൾ ആരെങ്കിലും രഹസ്യമായി കൈവശപ്പെടുത്തി ദുരുപയോഗപ്പെടത്താനുള്ള സാദ്ധ്യതയുമുണ്ട്.ഇതിനിടയിലാണ് അധികൃതർ ലാഘവത്തോടെ ഇത്തരത്തിൽ വയർലസ് സെറ്റുകൾ ഉപേക്ഷിച്ചിരിക്കുന്നത്.ഇതിനിടെ ഇവിടെ നിന്നു വയർലസ് സെറ്റുകൾ കാണാതായാതായും സൂചനയുണ്ട്.അതീവ സുരക്ഷിതമായി സൂക്ഷിക്കുകയും കേടായാൽ തന്നെ സുരക്ഷിതമായി നശിപ്പിക്കുകയുമാണ് വേണ്ടത്. നാടൻതോക്ക് നിർമ്മാണ വിദഗ്ദ്ധരും വയർലസ് സെറ്റുകളുടെ ഉപയോഗവും റിപ്പയറിംഗിലും പരിശീലനം നേടിയ നിരവധിപേർ ഗ്രാമീണ മേഖലകളിലുണ്ട്.ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരമൊരു അനാസ്ഥ.