sa

തിരുവനന്തപുരം: സാക്ഷരതാമിഷന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ കാസർകോടിന്റെ ഒപ്പന മത്സരം കാണികൾക്ക് കൗതുകമായി. മണവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തിയ അറുപത്തിരണ്ടുകാരി ശാന്ത മാപ്പിളപ്പാട്ടിനൊത്ത് കൈക്കൊട്ടി പാടിയപ്പോൾ കാണികൾക്ക് ആശ്ചര്യം. പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം കൊണ്ട് ഓരോ ചുവടും മികച്ചു നിന്നപ്പോൾ സദസ് ഹർഷാരവം മുഴക്കി. തോഴിമാരിലൊരാളായ അറുപതുകാരി കമലാക്ഷി,​ മേക്കപ്പിട്ട് 'ഇരുപത്തിരണ്ടുകാരി'യായി മാറിയ ശാന്തയുടെ മുഖം ഉയർത്തിയപ്പോൾ ചുളുവുകളില്ലാത്ത പുഞ്ചിരി. പിന്നെ വല്ലാത്ത ഭാവപ്രകടനമായിരുന്നു ശാന്തയുടെ മുഖത്ത്. സാക്ഷരത നാല്, ഏഴ് പഠിതാക്കളുടെ വിഭാഗത്തിലാണ് ശാന്തയും ടീമും ഒപ്പന മത്സരത്തിൽ പങ്കെടുത്തത്. ശാന്തയുടെ ഉഗ്രൻ പ്രകടനം കണ്ട മന്ത്രി സി.രവീന്ദ്രനാഥ് മത്സരം കഴിഞ്ഞിറങ്ങിയപ്പോൾ അഭിനന്ദിച്ചു. മത്സരത്തിൽ ശാന്തയുടെ ടീം രണ്ടാം സ്ഥാനം നേടി. മലപ്പുറത്ത് നിന്നുള്ള 48 കാരി കാളിയുടെ നേതൃത്വത്തിലുള്ള ടീമിനായിരുന്നു ഒന്നാംസ്ഥാനം.