aruvikkara

തിരുവനന്തപുരം: അരുവിക്കരയിലെ 86 എം.എൽ.ഡി ജല ശുദ്ധീകരണശാലയിലെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ നിശ്ചയിച്ചതിലും നേരത്തെ പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിച്ചെങ്കിലും ജലവിതരണം സാധാരണ നിലയിലാകാൻ ഇന്ന് വൈകിട്ടാകും. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ നവീകരണജോലികൾ രാത്രി എട്ടിന് പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും വൈകിട്ട് 4.30ഓടെ പൂർത്തിയായി. മൂന്നാംഘട്ടത്തിൽ അസംസ്‌കൃത ജല, ശുദ്ധജല പമ്പ് ഹൗസുകളിലെ പഴയ പമ്പ് സെറ്റുകൾ മാറ്റലും അനുബന്ധ ഇലക്ട്രിക്കൽ ജോലികളുമാണ് നടന്നത്. ആദ്യഘട്ട നവീകരണം ഡിസംബർ 13നും രണ്ടാംഘട്ടം കഴിഞ്ഞ ശനിയാഴ്‌ചയും വിജയകരമായി പൂർത്തീകരിച്ചിരുന്നു.

അതേസമയം അവധി ദിവസങ്ങളിൽ നഗരത്തിൽ കുടിവെള്ളം മുട്ടിയത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. കരുതിവച്ച വെള്ളം തീർന്നതും പ്രതിസന്ധിയായി. മുൻഘട്ടങ്ങളിലെപ്പോലെ ജലവിതരണത്തിന് ബദൽ മാർഗങ്ങൾ വാട്ടർ അതോറിട്ടി ഏർപ്പെടുത്തിയിരുന്നു. ജോലികൾ ചുരുങ്ങിയ സമയത്തേക്കായിരുന്നെങ്കിലും പൂർണമായും പമ്പിംഗ് നിറുത്തിവച്ചത് മണിക്കൂറുകളോളം വെള്ളമില്ലാത്ത സ്ഥിതിയുണ്ടാക്കി. മെഡിക്കൽകോളേജ്,​ ആർ.സി.സി,​ ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കറുകൾ വഴി വെള്ളമെത്തിച്ചു. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടായിരുന്നു. അരുവിക്കരയിൽ വാട്ടർ അതോറിട്ടിക്ക് നിലവിൽ 86 എം.എൽ.ഡി, 72 എം.എൽ.ഡി, 74 എം.എൽ.ഡി വീതംശേഷി യുള്ള മൂന്നു ജലശുദ്ധീകരണ ശാലകളാണുളളത്. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലുള്ള പുതിയ 75 എം.എൽ.ഡി ജലശുദ്ധീകരണ ശാല മാർച്ചിൽ കമ്മിഷൻ ചെയ്യും.