കോവളം: തിരുവല്ലം ബൈപാസിലെ കൊല്ലംതറയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തരയോടെ നടന്ന അപകടത്തിൽ നഗരത്തിൽ നിന്നു വെൽഡിംഗ് ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കോവളം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. കോവളം ബീച്ചിലേക്ക് പോയ സിറ്റി ഫാസ്റ്റ് ബസ് ആളിറക്കാൻ ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടുപിറകിലൂടെയെത്തിയ ബൈക്ക് ബസിന്റെ പുറകിൽ ഇടിക്കുകയും ബൈക്ക് ഓടിച്ച വിഷ്ണു ബസിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിൽ ഹെൽമറ്റ് രണ്ടായി പിളർന്ന് വിഷ്ണുവിന്റെ കഴുത്തിന് ഗുരുതര പരിക്കേറ്റു. അഖിൽറാമിന് ചെറിയ മുറിവുകൾ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് അതുവഴി കാറിലെത്തിയ വിദേശ വനിത ഇരുവർക്കും ഫസ്റ്റ് എയ്ഡ് നൽകി. തുടർന്ന് 108 ആംബുലൻസിൽ ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു.