1

കാഞ്ഞിരംകുളം: ഗർഭിണിയായ യുവതി അതിദാരുണമായി കൊലചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണ് ചാവടിഗ്രാമം. പുല്ലുവിളയിൽ ജനിച്ചുവളർന്ന ഷൈനി ഒന്നരവർഷം മുമ്പാണ് ഭർത്താവിനൊപ്പം ചാവടിയിലെ വാടകവീട്ടിലേക്ക് താമസം മാറുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ഷൈനി - നിധീഷ് ദമ്പതിക്ക് ഒരുമകനാണുള്ളത് (കെവിൻ )​. മൂന്ന് വയസുള്ള മകന്റെ മുന്നിൽ വച്ചാണ് ഷൈനി അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഷൈനിയിൽ നിധീഷിന് സംശയം തോന്നിത്തുടങ്ങിയതോടെയാണ് ഇവർ പുല്ലുവിളയിൽ നിന്നും ചാവടിയിലേക്ക് താമസം മാറിയത്. വിദേശത്ത് ഡ്രൈവറായിരുന്ന നിധീഷ് ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം ഓൺലൈൻ ഫുഡ് ഡെലിവറി ബോയി ആയി ജോലിചെയ്യുകയായിരുന്നു. നിധീഷ് എന്തിന് ഇങ്ങനെയൊരു ക്രൂരത കാണിച്ചെന്നാണ് പലരും ചോദിക്കുന്നത്. വിവരമറിഞ്ഞ സ്ഥലത്തെത്തിയ ഷൈനിയുടെ ബന്ധുക്കളുടെ ദുഃഖം ആശ്വസിപ്പിക്കാൻ പലർക്കും കഴിഞ്ഞില്ല. സങ്കടം സംഘർഷാവസ്ഥയിലേക്ക് മാറിയതോടെ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കൊല നടന്ന വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ സ്‌കാനിംഗ് റിപ്പോർട്ടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്.