തിരുവനന്തപുരം: അരുവിക്കരയിലെ 86 എം.എൽ.ഡി ജല ശുദ്ധീകരണശാലയിലെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പമ്പിംഗ് പുനരാരംഭിച്ചെങ്കിലും കുടിവെള്ള വിതരണം സാധാരണ നിലയിലായില്ല. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ രാവിലെയോടെ വെള്ളമെത്തിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയില്ല. ലൈനുകളിലെ മർദ്ദം പൂർണമായും ക്രമീകരിക്കപ്പെടാതിരുന്നതാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നതിന് തടസമായത്. അരുവിക്കരയിൽ നിന്ന് പൂർണതോതിൽ പമ്പിംഗ് നടത്തുന്നുണ്ടെന്നും ഇന്ന് രാവിലെയോടെ ജലവിതരണം പൂർവ സ്ഥിതിയിലാകുമെന്നും വാട്ടർ അതോറിട്ടി അറിയിച്ചു. ശനിയാഴ്ച നിശ്ചയിച്ചതിലും നേരത്തെ നവീകരണ ജോലികൾ പൂർത്തിയാക്കി പമ്പിംഗ് തുടങ്ങിയിരുന്നു. മൂന്നാംഘട്ടത്തിൽ അസംസ്‌കൃത ജല, ശുദ്ധജല പമ്പ് ഹൗസുകളിലെ പഴയ പമ്പ് സെറ്റുകൾ മാറ്റുന്നതും അനുബന്ധ ഇലക്ട്രിക്കൽ ജോലികളുമാണ് നടന്നത്. അവധി ദിവസങ്ങളിൽ നഗരത്തിൽ കുടിവെള്ളം മുട്ടിയത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ട് നവീകരണ ഘട്ടങ്ങൾക്കുശേഷവും നഗരത്തിൽ പലയിടത്തും ജലവിതരണം പഴയ പടിയായിരുന്നില്ല. അതിനിടെയാണ് മൂന്നാം തവണയും ജലവിതരണം നിറുത്തിയത്. അറ്റകുറ്റപ്പണി നേരത്തെ പൂർത്തിയാകുകയും പമ്പിംഗ് തുടങ്ങുകയും ചെയ്‌തിനാൽ വെള്ളം ലഭിക്കുമെന്ന് കരുതിയവരാണ് വലഞ്ഞത്. ശേഖരിച്ച വെള്ളം തീർന്നതും പ്രതിസന്ധിയുണ്ടാക്കി. പൂർണമായും പമ്പിംഗ് നിറുത്തിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. മെഡിക്കൽ കോളേജ്,​ ആർ.സി.സി,​ ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കറുകൾ വഴി വെള്ളമെത്തിച്ചിരുന്നു.


അവസാനഘട്ട നവീകരണം ഫെബ്രുവരിയിൽ
-----------------------------------------------------------------------

നവീകരണത്തിന്റെ നാലാമത്തെയും അവസാനത്തെയും ഘട്ടം ഫെബ്രുവരി ഒന്നിന് നടക്കും. ഇതിനായി 86 എം.എൽ.ഡി ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം 16 മണിക്കൂർ നിറുത്തിവയ്‌ക്കും

''

നവീകരണം പൂർത്തിയാകുമ്പോൾ നഗരത്തിൽ പ്രതിദിനം 10 ദശലക്ഷം ലിറ്റർ
അധികജലം വിതരണം ചെയ്യാനാകും - വാട്ടർ അതോറിട്ടി