തിരുവനന്തപുരം: ശാസ്‌തമംഗലം വാഹനാപകടത്തിൽ മരിച്ച ആദിത്യയുടെ ബൈക്കിന്റെ മഡ്ഗാഡിൽ കണ്ടെത്തിയ രക്തസാമ്പിളിന്റെ ശാസ്ത്രീയ പരിശോധനാ ഫലം വൈകിയേക്കും. ഫലം എപ്പോൾ കിട്ടുമെന്ന വിവരം ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. അപകടമുണ്ടായപ്പോൾ റോഡിലുണ്ടായിരുന്ന ഇളം ബ്രൗൺ നിറത്തിലുള്ള സെൻ എസ്റ്റിലോ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ജില്ലയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഇതേ മോഡൽ കാറുകളുടെ വിവരത്തിനായി കഴിഞ്ഞയാഴ്ച ആർ.ടി ഓഫീസുകളിൽ അപേക്ഷ നൽകിയിരുന്നെങ്കിലും പൂർണമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന പരിശോധനയ്‌ക്കിടയിലും ഈ മോഡൽ വണ്ടികൾ പരിശോധിക്കുന്നുണ്ട്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാർ ഓടിച്ചതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഇതുമായി സാമ്യമുള്ള തിരുവനന്തപുരം സ്വദേശിയെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാളുടെ ഉടമസ്ഥതയിലുള്ള കാർ വാഗണർ ആണെന്നാണ് പൊലീസ് പറയുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഇയാളെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ദൃശ്യങ്ങളിലുള്ള വാഹനത്തെക്കുറിച്ച് പൊതുജനങ്ങൾക്കും വിവരം നൽകാമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.