psc
പി.എസ്.സി

തിരുവനന്തപുരം: ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരമൊരുക്കി പ്രധാന തസ്തികകളിലേക്ക് പരീക്ഷകൾ നടത്താനൊരുങ്ങി പി.എസ്.സി. വിവിധ യോഗ്യതകളിലായി പ്രധാന തസ്തികകൾ ഉൾപ്പെടെ മുന്നൂറോളം തസ്തികകളിലാണ് ഈ വർഷം പരീക്ഷ നടക്കുന്നത്. എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, കെ.എ.എസ്, കോളേജ് അദ്ധ്യാപകർ, എൽ.പി, യു.പി അസിസ്റ്റന്റ് എന്നീ പ്രധാന തസ്തികകളിൽ ഈ വർഷാവസാനവും അടുത്ത വർഷം ആദ്യത്തിലും നിയമനം ലക്ഷ്യമിട്ട് പരീക്ഷകൾ നടക്കും. കോളേജ് അദ്ധ്യാപക തസ്തിക മുതൽ മുകളിലേക്കുള്ളവയിൽ വിവരണാത്മക പരീക്ഷ നടത്തുന്നതും സമാന തസ്തികകളിൽ പൊതുപരീക്ഷ നടത്താൻ തീരുമാനിച്ചതുമാണ് പ്രധാന മാറ്റം. പരീക്ഷനടത്തിപ്പിലെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയശേഷം ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ എഴുതുന്ന പരീക്ഷകൾ നടക്കുന്നതും ഇൗ വർഷം തന്നെ.


കൂടുതൽ അപേക്ഷകർ എൽ.ഡി.സിക്ക്

ജൂൺ മാസത്തിലാണ് വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത്. 14 ജില്ലകളിൽനിന്നും 17,58,338 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് സർവ്വകാല റെക്കോർഡാണ്. ഈ വർഷം ഏറ്റവുമധികം പേർക്ക് തൊഴിലസരം സാദ്ധ്യമാക്കുന്ന പരീക്ഷയും ഇതുതന്നെ. ഇപ്പോഴുള്ള റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതോടെ പുതിയ ലിസ്റ്റ് നിലവിൽ വരും. 2018ലാണ് ഒടുവിൽ എൽ.ഡി.സി നടന്നത്.
എൽ.ഡി.സി കഴിഞ്ഞാൽ ഏറ്റവുമധികം അപേക്ഷകരുള്ള പരീക്ഷ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ആണ്. ഇതിന്റെ വിജ്ഞാപനം വൈകാതെ പുറത്തുവരും. ഈ വർഷാവസാനമാണ് പരീക്ഷ. കഴിഞ്ഞ വർഷം ലാസ്റ്റ് ഗ്രേഡ് എഴുതിയത് 8,54,811 പേരാണ്.
ഈ വർഷത്തെ ഏറ്റവും സുപ്രധാന പരീക്ഷയായ കെ.എ.എസ് ഫെബ്രുവരി 22 നാണ് നടക്കുന്നത്. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്കുള്ളത്. ഇതിൽ നിശ്ചിത മാർക്ക് വാങ്ങുന്നവർക്ക് വിവരാണത്മക മെയിൻ പരീക്ഷ നടത്തും. തുടർന്ന് അഭിമുഖവും നടക്കും. നവംബറിൽ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കും. മൂന്ന് സ്ട്രീമുകളിലായി 5,76,243 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് സഹകരണ വകുപ്പിലെ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷ 80,515 പേർ പരീക്ഷ എഴുതും.
ഈ വർഷം നടന്ന ആദ്യ വലിയ പരീക്ഷയായ വനിതാശിശുവികസന വകുപ്പിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ പരീക്ഷ 17,332 പേരാണ് എഴുതിയത്. കഴിഞ്ഞ ദിവസം നടന്ന കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് പരീക്ഷ സർവകലാശാലകളിലേക്ക് 30,577 പേരും സെക്രട്ടേറിയേറ്റ്, പി.എസ്.സി തുടങ്ങിയവയിലേക്ക് 33,941 പേരും എഴുതി.

അദ്ധ്യാപക പരീക്ഷകളും

അദ്ധ്യാപക തസ്തികകളിലെ ഒഴിവ് നികത്താനായുള്ള പരീക്ഷകൾ അഞ്ചു വർഷത്തിനു ശേഷമാണ് നടക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള കോളേജ് അദ്ധ്യാപകരുടെ ഒഴിവിലേക്കുള്ള പരീക്ഷ ജൂലൈയിലും എൽ.പി, യു.പി അദ്ധ്യാപക തസ്തികയിലേക്കുള്ള പരീക്ഷകൾ വർഷാവസാനവും നടക്കും.

 മറ്റ് പ്രധാന പരീക്ഷകൾ

സിവിൽ പൊലീസ് ഓഫീസർ, സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് ഇൻസ്‌പെക്ടർ, ഫുഡ് സേഫ്റ്റി ഓഫീസർ, കൺസ്യൂമർ ഫെഡിൽ മാനേജർ ഗ്രേഡ് രണ്ട്, അപ്പക്സ് കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ മാനേജർ ഗ്രേഡ് രണ്ട്

ഒഴിവുകളുടെ അന്തിമകണക്ക് തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും എൽ.ഡി.സിയും ലാസ്റ്റ് ഗ്രേഡുമായിരിക്കും കൂടുതൽ പേർക്ക് തൊഴിൽ നൽകുക. കെ.എ.എസും പ്രധാനമാണ്. പി.എസ്.സിയെ സംബന്ധിച്ച് ഏറെ തിരക്കുപിടിച്ച ഷെഡ്യൂളാണ് ഈ വർഷത്തേത്. കുറ്റമറ്റ രീതിയിൽ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കും.

-പി.എസ്.സി