നെയ്യാറ്റിൻകര : കളിയിക്കാവിള ചെക്‌പോസ്റ്റിൽ എ.എസ്.ഐ വിൽസനെ കൊലപ്പെടുത്തിയ പ്രതികളുടെ കൂടുതൽ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
അതിർത്തി ചെക്ക്പോസ്റ്റിൽ ബുധനാഴ്ച രാത്രി 9.30 ഒാടെയാണ് എ.എസ്.ഐ വിൽസൺ കൊല്ലപ്പെട്ടത്. അന്ന് രാത്രി എട്ടരയോടെ നെയ്യാറ്റിൻകര ജംഗ്ഷനിലൂടെ പ്രതികളായ തൗഫീക്കും ഷമീമും നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സി.സി.ടിവി കാമറയിലാണ് പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ചാറ്റൽമഴ പെയ്യുന്നതിനിടെ പ്രതികൾ രണ്ടുപേരും കൈയ്യിൽ ബാഗുമായി റോഡിലൂടെ നടന്നു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡരികിൽ ബാഗ് ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ബാഗ് നാട്ടുകാർക്കും പൊലീസിനും ലഭിച്ചിട്ടില്ല. പ്രതികൾക്കൊപ്പം മറ്റാരും ഉള്ളതായി ദൃശ്യങ്ങളിൽ കാണുന്നില്ല. കേരള, തമിഴ്നാട് പൊലീസ് സംഘം ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണ്.
പ്രതികൾ റോഡിൽ ഉപേക്ഷിച്ച ബാഗ് പിന്നാലെ സംഘത്തിൽപ്പെട്ട ആരെങ്കിലും എത്തി സ്ഥത്ത് നിന്നും മാറ്റിയതായി പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ അതും സിസിസി ടിവിയിൽ പതിഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.. കൊലചെയ്യാൻ പുറപ്പെട്ടത് കേരളത്തിൽ നിന്നാണെന്ന് വ്യക്തമായതോടെ സംഭവ ശേഷം കേരളത്തിലേക്ക് തന്നെ മടങ്ങിയെത്തിതായുള്ള പൊലീസ് സംശയം ബലപ്പെട്ടു. പ്രതികൾക്ക് സഹായം ലഭിച്ചത് കേരളത്തിൽ നിന്നാകാമെന്നും പൊലീസ് ഉറപ്പിക്കുന്നു.
അനേഷണ ചുമതല എസ്.പി ശ്രീനാഥിന്
എ..എസ്.ഐ വിൽസൺ വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണ ചുമതല എസ്.പി ശ്രീനാഥിന് നൽകി തമിഴ്നാട് സർക്കാർ ഉത്തരവായി..
കന്യാകുമാരി ജില്ലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായിരുന്നു ശ്രീനാഥ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിൽസൺ കൊലക്കേസിന്റെ പൂർണ ചുമതല നൽകിയത്. മധുര ജില്ലാ എക്സൈസ് എസ്.പിയായിരുന്ന രാജരാജനാണ് പുതിയ കന്യാകുമാരി എസ്.പി.