കടയ്ക്കാവൂർ: 25-ാമത് ആർ. ശങ്കർ മെമ്മോറിയൽ ആൻഡ് ഷൈനു മെമ്മോറിയൽ അഖിലേന്ത്യ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ ചാമ്പ്യൻഷിപ്പ് മത്സരം 13 മുതൽ 15വരെ വക്കം ദൈവപ്പുര ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സമുദ്ര പെർഫോമിംഗ് ആർട്ട്സ്, വക്കം ക്ളബ്, കംപാനിയൻസ് റിക്രിയേഷൻ ക്ളബ് എന്നീ കലാകായിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഇൗ വർഷം മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് സത്യൻ എം.എൽ.എ നിർവഹിക്കും. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിക്കും. സി.പി.എം എൽ.സി സെക്രട്ടറി അജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിഷ്ണു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സജി, ആംആദ്മി വോളന്റിയർ ബുജി എന്നിവർ സംസാരിക്കും. കംപാനിയൻസ് പ്രസിഡന്റ് പ്രദീപ് സ്വാഗതവും സെക്രട്ടറി മനോജ് നന്ദിയും പറയും. എസ്.ആർ.എം യൂണിവേഴ്സിറ്റി ചെന്നൈ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, എം.ജി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. സമ്മാനദാനം 15ന് രാത്രി 10ന് വർക്കല എം.എൽ.എ ജോയി നിർവഹിക്കും. പത്രസമ്മേളനത്തിൽ കംപാനിയൻസ് പ്രസിഡന്റ് പ്രദീപ്, ട്രഷറർ നിസാർ എന്നിവർ പങ്കെടുത്തു.