കിളിമാനൂർ: വീണ്ടും തറികളുടെ ശബ്ദം ഉയരുന്നു. ഒരിടവേളക്ക് ശേഷം നെയ്തു വ്യവസായം പഴയ പൗഢിയിലേക്ക് നീങ്ങുകയാണ്. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ തുണി സഞ്ചികൾക്കും തുണി കൊണ്ടുള്ള അനുബന്ധ സാധനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഒരു കാലത്ത് ജീവനോപാധിയായിരുന്ന പല നെയ്തു ശാലകളിലെയും തറികൾ നിശ്ചലമായിട്ട് വർഷങ്ങൾ ആയിരുന്നു. നെയ്തറിയാവുന്ന പലരും ഉപജീവനത്തിനായി മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവരിൽ പലരും ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. പ്രദേശത്ത് അവശേഷിക്കുന്നതും നിലവിൽ പ്രവർത്തിക്കുന്നതുമായ നഗരുർ പൊയ്കവിള നെയ്തു ശാല ജംഗ്ഷനിലെ നെയ്തു ശാലയും അതിജീവനത്തിന്റെ പാതയിലായിരുന്നു. നിലവിൽ പതിനഞ്ച് തറികളും അത്രയും തന്നെ സ്ത്രീ തൊഴിലാളികളുമുള്ള ഈ നെയ്തു ശാല പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തിയുടെയും ഖാദി ബോർഡിന്റെയും സംയുക്ത ഫലമായാണ്. ഇവിടെ വെള്ള കോടികൾ മാത്രമാണ് നെയ്യുന്നത്. ഇത് കൊല്ലത്ത് എത്തിച്ച് നിറം മുക്കുമെന്ന് ജീവനക്കാർ പറയുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വരവും, വർദ്ധിച്ച തോതിൽ ടെക്സ്റ്റയിൽസുകളുടെ വരവും, അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും ഈ മേഖലയെ തകർത്തു എന്ന് തൊഴിലാളികൾ പറയുന്നു. വാമനപുരത്ത് ആനച്ചൽ കളമച്ചൽ ഭാഗം ഒരു കാലത്ത് നെയ്തുതൊഴിലാളികളുടെയും നെയ്തു വസ്ത്രങ്ങളുടെയും കേന്ദ്രമായിരുന്നു. എന്നാൽ ഇന്ന് അതിൽ പകുതി മാത്രമേ നിലവിലുള്ളു. എന്നാൽ നിലവിലുള്ള സംഘങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്.