നെയ്യാറ്റിൻകര: സ്വദേശാഭിമാനി കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന ആറാമത് ജെ.സി. ഡാനിയേൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും. പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളിൽ രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ ആർട് ക്യൂറേറ്റർ ജോണി എം.എൽ മുഖ്യപ്രഭാഷണം നടത്തും. കെ. വിനോദ് സെൻ, ബെൻ ഡാർവിൻ, കൊറ്റാമം വിനോദ്, സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സിനിമാപ്രദർശനം നടക്കും. നാളെ നിംസ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കായി പ്രദർശനം സംഘടിപ്പിക്കും. സെമിനാർ വി.എൻ. പ്രദീപ് ഉദ്ഘാടനം ചെയ്യും. 15ന് രചനാ ഭാഷാ പഠനകേന്ദ്രത്തിലെ ചലച്ചിത്രമേളയിൽ സംവിധായകൻ ശാന്തിവിള ദിനേശ് പങ്കെടുക്കും. 16ന് രാവിലെ അഖില കേരള ബാലജസഖ്യത്തിന്റെ സഹകരണത്തോടെ കാരക്കോണം സി.എസ്.ഐ സ്‌കൂളിൽ മേളയും സെമിനാറും നടക്കും. ഗിരീഷ് പരുത്തിമഠം സെമിനാർ ഉദ്ഘാടനം ചെയ്യും. 17ന് തവരവിള സെന്റ് ആന്റണീസ് കോളേജിൽ നടക്കുന്ന സെമിനാർ സംവിധായകൻ സജിൻ ബാബു ഉദ്ഘാടനം ചെയ്യും. 13 മുതൽ 16 വരെ വൈകിട്ട് 6 മുതൽ നിംസ് ഓഡിറ്റോറിയത്തിൽ പ്രദർശനം സംഘടിപ്പിക്കും. 17ന് സി.കെ. ഫൗണ്ടേഷന്റെ സഹകരണത്തോടെ ബസ് സ്റ്റാൻഡ് അങ്കണത്തിൽ പ്രദർശനം നടക്കും. 18ന് പൂഴിക്കുന്ന് ഗ്രാമസേവിനി ഗ്രന്ഥശാലയിലാണ് സമാപന സമ്മേളനം. നിംസ് മെഡിസിറ്റിയുടെയും ചലച്ചിത്ര അക്കാഡമിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ വിവിധ ഭാഷകളിൽ നിന്നായി 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും.