nandavanam

വർക്കല: ദേവസ്വം ഭൂമിയായ ഹെലിപ്പാടിനു സമീപത്തെ നന്ദാവനത്ത് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് നീക്കം തുടങ്ങി. ജനാർദ്ദനസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുളള ദേവസ്വം ഭൂമിയാണ് നന്ദാവനം. ദേവസ്വംഭൂമി റീസർവേ രേഖകളിൽ സർക്കാർ പുറമ്പോക്കായി മാറിയതിന് തൊട്ടു പിന്നാലെയാണ് ഭവനനിർമ്മാണത്തിനുള്ള നീക്കം ആരംഭിച്ചത്. റിസർവേ രേഖകളിൽ ഭൂമി സർക്കാർ വകയെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. വർഷങ്ങൾക്ക് മുൻപ് ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ നിത്യപൂജയ്ക്കുള്ള പുഷ്പം ശേഖരിച്ചിരുന്നത് നന്ദാവനം എന്ന ദേവസ്വം ഭൂമിയിലെ പൂന്തോട്ടത്തിൽ നിന്നാണ്. കാലാന്തരത്തിൽ ഈ ഭൂമി തെങ്ങിൻതോപ്പായി മാറി. മുൻകാലത്ത് നന്ദാവനത്ത് കൈയേറ്രം വ്യാപകമായപ്പോൾ ചുറ്റുമതിൽ നിർമ്മിച്ചതും ദേവസ്വംബോർഡാണ്. ഇവിടെ നിന്നും ലഭിക്കുന്ന തേങ്ങ വാർഷിക ലേലം ചെയ്തു നൽകുന്നതും ദേവസ്വം ബോർഡാണ്. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിന് ആവശ്യമായി സ്ഥലമില്ലാത്ത അവസ്ഥ നിലനിക്കുമ്പോഴാണ് ദേവസ്വത്തിന്റെ സ്വന്തം ഭൂമി സർക്കാർ ഭൂമിയായി മാറിയത്.

ദേവസ്വംഭൂമി സർക്കാർ ഭൂമിയായി മാറിയതിനെ സംബന്ധിച്ച് അന്വേഷിക്കാൻ ദേവസ്വംബോർഡും നടപടികൾ തുടങ്ങിയിട്ടുണ്ട്. നന്ദാവനം എന്ന ദേവസ്വം ഭൂമി ഒരു കാരണവശാലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. റിസർവേയിലുണ്ടായ പാകപ്പിഴകളാകാം ദേവസ്വം ഭൂമി അന്യാധീനപ്പെട്ടുപോയതെന്നും പറയപ്പെടുന്നു. സർവേയിലെ പാകപ്പിഴ തിരുത്തി ഭൂമി ദേവസ്വംബോർഡിന്റെ അധീനതയിലാക്കാനുള്ള നടപടിക്ക് ബോ‌ർഡിനോട് ആവശ്യപ്പെട്ടതായും വർക്കല ദേവസ്വം എ.ഒ പറഞ്ഞു. വർക്കല നഗരസഭ പരിധിയിൽ സർക്കാർ റവന്യു ഭൂമികൾ ഉള്ളപ്പോഴാണ് ദേവസ്വം ഭൂമി കൈയേറി ലൈഫ് പദ്ധതിയിൽ കെട്ടിടം നിർമ്മിക്കുവാൻ നീക്കം നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ദേവസ്വംഭൂമി സർക്കാർ ഭൂമിയായി മാറ്റിയതിനെതിരെ വിവിധ ഹൈന്ദവസംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഹിന്ദുഐക്യവേദി ബി.ജെ.പി നേതാക്കൾ നന്ദാവനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. വർക്കല നഗരസഭ ബി.ജെ.പി കൗൺസിലർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്രന് ഇത് സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്.