നെടുമങ്ങാട് : അശരണരായ വനിതകളെ കൈപിടിച്ചുയർത്താൻ ആവിഷ്കരിച്ച ധനസഹായ പദ്ധതി 'അതിജീവിക"യിൽ അപേക്ഷിക്കാനുള്ള കാലാവധി മുന്നറിയിപ്പില്ലാതെ വെട്ടിച്ചുരുക്കി.
ഈ നടപടി നിർദ്ധന കുടുംബങ്ങൾക്ക് തിരിച്ചടിയായി.ധനസഹായ പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അപേക്ഷയുമായി താലൂക്കോഫീസിലും ബ്ലോക്ക് കേന്ദ്രങ്ങളിലും വീട്ടമ്മമാരുടെ തിക്കിത്തിരക്കാണ്.അപേക്ഷ സ്വീകരിക്കാൻ അധികൃതർ വിമുഖത കാട്ടിയതോടെ കൂട്ടത്തോടെ തപാലോഫീസുകളിൽ എത്തി ജില്ലാ വനിതാ ക്ഷേമ ഓഫീസർക്ക് അയച്ച് കൊടുക്കുകയാണ് പാവം സ്ത്രീകൾ. ഇതോടെ വ്യാജ അപേക്ഷകൾ തയ്യാറാക്കിക്കൊ
ടുക്കുന്ന സംഘങ്ങളും നിരന്നു. സാക്ഷ്യപത്രങ്ങളൊന്നും ഇല്ലാതെ വെള്ളക്കടലാസിൽ സ്റ്റാമ്പ് പതിച്ച് പണം പിടുങ്ങുന്ന ഏർപ്പാടാണ് നടക്കുന്നത്. നെടുമങ്ങാട് റവന്യുടവറിലും പോസ്റ്റോഫീസ് മുറ്റത്തും എഴുത്തുകാരുടേയും അപേക്ഷകരുടേയും നീണ്ട നിരയാണ്. അപേക്ഷ എഴുതി നല്കിയ ശേഷം കവറും സ്റ്റാമ്പും ഒട്ടിച്ച് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാനാണ് ഉപദേശം.കെട്ടുകണക്കിന് അപേക്ഷകളാണ് പോസ്റ്റോഫീസിൽ കെട്ടികിടക്കുന്നത്. 2019 നവംബറിൽ തുടങ്ങിയ അപേക്ഷ സ്വീകരണം ഡിസംബർ 31 ന് പൊടുന്നനെ നിറുത്തലാക്കിയത് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടാൻ ഇടയാക്കിയേക്കും.
അപേക്ഷകൾ തരംതിരിക്കുന്നു
അപേക്ഷയുടെ കാലാവധി കഴിഞ്ഞെന്നും ഇനി സ്വീകരിക്കില്ലെന്നും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ റവന്യുടവറിലും പോസ്റ്റോഫീസിലും നേരിട്ടെത്തി അറിയിച്ചിട്ടും അപേക്ഷകരുടെ എണ്ണത്തിൽ കുറവില്ല.അപേക്ഷ എഴുത്തുകാരും പിൻമാറാൻ കൂട്ടാക്കുന്നില്ല.24 ബ്ലോക്കുകളിലായി ലക്ഷക്കണക്കിന് അപേക്ഷകളാണ് ജില്ല ഐ.സി.ഡി.എസ് ഓഫീസിൽ ലഭിച്ചിട്ടുള്ളത്.ഇത് അതാത് ബ്ലോക്കുകളിലേയ്ക്ക് തരംതിരിച്ച് നല്കുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ നടപടികൾ.
അതിജീവിക" പദ്ധതി
ഭർത്താവ്, കുടുംബനാഥൻ, കുടുംബനാഥ എന്നിവരുടെ അസുഖം, വിയോഗം എന്നിവ കാരണം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകുന്ന ധന സഹായം.
സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി.
ഒറ്റത്തവണയായി നൽകുന്ന പരമാവധി തുക..... 50,000 രൂപ
കുടുംബ വാർഷിക വരുമാനം 50,000 രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപൂർത്തിയായ മക്കളുള്ള കുടുംബം സഹായത്തിന് അർഹരല്ല.
സ്ത്രീകളുടെ ചുമതലയിലാവുന്ന കുടുംബങ്ങളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നതായി അംഗൻവാടികൾ മുഖേനെ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
ഭരണാനുമതി....50 ലക്ഷം
എഴുത്ത് കൂലി.....150 ... 200
ഗുണഭോക്താക്കൾ
ഭർത്താവ്,കുട്ടികൾ,കുടുംബനാഥ എന്നിവർ കിടപ്പ് രോഗികളായുള്ള കുടുംബം. പ്രകൃതി ദുരന്തമോ,മറ്റു കാരണങ്ങളാലോ വീട് നഷ്ടപ്പെട്ടത് മൂലം ജപ്തി ഭീഷണി നേരിടുന്ന സ്ത്രീ ചുമതലയിലുള്ള കുടുംബം. ഭർത്താവിന്റെ മരണം / വിയോഗം മൂലം മക്കളുടെ പഠനത്തിനും ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന സ്ത്രീ ചുമതലയിലുള്ള കുടുംബം.അസുഖം ബാധിച്ച് മറ്റാരും പരിചരിക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകൾ (വിധവകളെ കൂടാതെ അവിവാഹിത,ഭർത്താവ് ഉപേക്ഷിച്ചവർ, വിവാഹ മോചിതർ).
അപേക്ഷ ഇങ്ങനെ
ജില്ലവനിതാ ശിശു വികസന ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വുമൺ പ്രൊട്ടക്ഷൻ ഓഫീസർ,പ്രോഗ്രാം ഓഫീസർ,ശിശു വികസന പദ്ധതി ഓഫീസർ,സൂപ്പർ വൈസർ എന്നിവർ അപേക്ഷ സ്വീകരിക്കും.ഇവർ ജില്ലാ വനിത-ശിശുവികസന ഓഫീസർക്ക് കൈമാറും.ലഭ്യമായ അപേക്ഷകളിൽ ജില്ലാ വനിത-ശിശു വികസന ഓഫീസർ വിശദമായ അന്വേഷണം നടത്തി ദുരിതം അനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോർട്ട് തയ്യാറാക്കും.ജില്ലാതല നിരീക്ഷണ സമിതി യോഗമാണ് അർഹരായവരെ കണ്ടെത്തി ധനസഹായത്തിന് വനിത-ശിശു വികസന ഡയറക്ടർക്ക് ശുപാർശ ചെയ്യുന്നത്.
''ഏറ്റവും അർഹരായ അപേക്ഷകരെ മാത്രമേ ധനസഹായത്തിന് പരിഗണിക്കുകയുള്ളു.സർക്കാർ ഇതുസംബന്ധിച്ച് വ്യക്തമായ മാനദന്ധം പുറപ്പെടുവിച്ചിട്ടുണ്ട്.അപേക്ഷ സമർപ്പണത്തിന്റെ മറവിലുള്ള പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തടയാൻ നെടുമങ്ങാട്ടെ എഴുത്തു കേന്ദ്രങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്""
-സുധാദേവി (സി.ഡി.പി.ഒ,നെടുമങ്ങാട് ബ്ലോക്ക്)