തിരുവനന്തപുരം: സാക്ഷരതാമിഷന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിന് പരിസമാപ്തി. ഇതരസംസ്ഥാന തൊഴിലാളികളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും മികവിൽ കലാകീരീടം ആതിഥേയരായ തിരുവനന്തപുരത്തിന്. 144 ഇനങ്ങളിലായി നടന്ന മത്സരത്തിൽ 370 പോയിന്റോടെയാണ് തിരുവനന്തപുരം സ്വർണ്ണക്കപ്പ് നേടിയത്. 188 പോയിന്റോടെ തൃശൂർ രണ്ടാമതെത്തി. 160 പോയിന്റ് നേടിയ കാസർകോട് ജില്ലയ്ക്കാണ് മൂന്നാംസ്ഥാനം. തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്ത് ട്രാൻസ്‌ജെൻഡറുകൾ നേടിയത് 128 പോയിന്റാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ വിഭാഗം നേടിയത് 106 പോയിന്റ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിച്ചു.

മലപ്പുറം (115), കോഴിക്കോട് (105), പാലക്കാട് (75), വയനാട് (60), കണ്ണൂർ (34) , കോട്ടയം (32), എറണാകുളം (25), പത്തനംതിട്ട (18), കൊല്ലം (17), ആലപ്പുഴ (6), ഇടുക്കി (5) എന്നിങ്ങനെയാണ് പോയിന്റ് നില. ഏഴ് വിഭാഗങ്ങളിലെ 144 ഇനങ്ങളിലായി നടന്ന മത്സരത്തിൽ 1400 പേർ പങ്കെടുത്തു . ട്രാൻസ്‌ജെൻഡറുകൾ 15 ഇനങ്ങളിലും ഇതര സംസ്ഥാനതൊഴിലാളികൾ 18 ഇനങ്ങളിലുമാണ് മത്സരിച്ചത്. വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാർ : കൃഷ്ണൻ പി.കെ (പഠിതാവ് , കാസർകോട്), അനീഷ്‌കുമാർ എം.കെ (കോഴിക്കോട്), സുബിദ എം.പി (പ്രേരക്,പാലക്കാട്), ഷിജു എസ് (ട്രാൻസ്‌ജെൻഡർ പഠിതാവ് , തിരുവനന്തപുരം), ലച്ചു (ട്രാൻസ്‌ജെൻഡർ ,തൃശൂർ), മുദാദ് രേവതി (ഇതരസംസ്ഥാനതൊഴിലാളി ,തിരുവനന്തപുരം), ഫസീല കെ.കെ (ഇൻസ്ട്രക്ടർ, കോഴിക്കോട്).

രാജ്യത്തിന് മാതൃക : മന്ത്രി കടകം പള്ളി

ദേശം,ഭാഷ, ലിംഗ വ്യത്യാസങ്ങളെ മാറ്റിനിറുത്തി സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന കലോത്സവം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സാക്ഷരതാമിഷന്റെ തുടർവിദ്യാഭ്യാസ കലോത്സവം അത്തരമൊരു സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. നഗസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, സാക്ഷരതാമിഷൻ അസി.ഡയറക്ടർമാരായ ഡോ.ജെ.വിജയമ്മ, കെ.അയ്യപ്പൻനായർ, സന്ദീപ്ചന്ദ്രൻ, യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപകനായ ഡോ.മനോജ് തുടങ്ങിയവർ സംസാരിച്ചു.