4

പോത്തൻകോട്: ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ ജനൽ ഇളക്കിമാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. മണ്ഡപകുന്ന് അനീഷ് ഭവനിൽ സണ്ണിയാണ് (52 ) മരിച്ചത്. ഇന്നലെ വൈകിട്ട്‌ 5 .15നായിരുന്നു അപകടം.

പോത്തൻകോട് കരൂരിന് സമീപം വർഷങ്ങൾക്കുമുമ്പ് പ്രവർത്തനം അവസാനിപ്പിച്ച പഴയ ടൂട്ടോറിയൽ കെട്ടിടത്തിലെ ചുവരിടിച്ച് ജനൽ ഇളക്കിമാറ്റുന്നതിനിടെയാണ് സണ്ണിയുടെ ദേഹത്ത് കോൺക്രീറ്റ് സ്ളാബ് ഉൾപ്പെടുന്ന ചുവർ ഒന്നാകെ ഇടിഞ്ഞുവീണത്. അരയ്ക്കുമുകളിലുള്ള ഭാഗം പൂർണമായും ചുമരിന് അടിയിൽപ്പെട്ട നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ സണ്ണിയെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ശ്രമം വിഫലമായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്. 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സണ്ണിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പോത്തൻകോട് മണ്ഡപകുന്ന് പുതുവൽ പുത്തൻവീട്ടിൽ രാജൻ എന്നുവിളിക്കുന്ന ക്ലമന്റിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരൂർ സ്വദേശി രാമചന്ദ്രൻ നായർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ജീർണാവസ്ഥയിലായി ഉപേക്ഷിച്ച കെട്ടിടത്തിൽനിന്ന് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവർ ജനലും ഇഷ്ടികകളും ഇളക്കിയെടുക്കാൻ ശ്രമിച്ചതെന്നാണ് ഉടമ പറഞ്ഞത്. അനിതയാണ് മരിച്ച സണ്ണിയുടെ ഭാര്യ. മക്കൾ: അനീഷ്,സനുലാൽ. മൃതദേഹം മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ.