നെടുമങ്ങാട് : വനിതാബ്ലോക്ക് പഞ്ചായത്തംഗത്തെ മർദ്ദിച്ചതായ പരാതിക്ക് പിന്നാലെ ആനാട്ട് കോൺഗ്രസ് ഗ്രൂപ്പ് പോര് മൂത്തു. വനിതാമെമ്പറെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ മർദ്ദിച്ചുവെന്നത് കെട്ടിച്ചമച്ചതാണെന്നും മണ്ഡലം പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനെ ബ്ലോക്ക് മെമ്പർ ആക്രമിക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് കാരണമെന്നും ആനാട്, മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആർ. അജയകുമാർ, കെ ശേഖരൻ എന്നിവർ അറിയിച്ചു. സി.പി.എമ്മിലെ എം.എൽ.എയെ കൂട്ടുപിടിച്ച് സഹകരണ സംഘം രജിസ്റ്റർ ചെയ്തു കിട്ടിയതിന്റെ ഉപകാരസ്മരണയായി വനിതാ മെമ്പർ പാർട്ടി നേതാക്കളെ പൊതുജനമദ്ധ്യത്തിൽ അവഹേളിക്കുകയാണെന്നും മെമ്പർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് മണ്ഡലം പ്രസിഡന്റുമാരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരാതിയും നല്കി. ഇതിനിടെ, ഐ ഗ്രൂപ്പ് നേതൃയോഗം നെടുമങ്ങാട്ട് ചേർന്ന് വനിത മെമ്പർക്ക് പിന്തുണ പ്രഖ്യാപിച്ചു. വനിത മെമ്പറെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങാനും തീരുമാനിച്ചു.