തിരുവനന്തപുരം: ജില്ലാകമ്മിറ്റിയംഗമായിരുന്ന ബി.എസ്. രാജീവിനെ ഒന്നാം ചരമവാർഷികത്തിൽ സി.പി.എം ജില്ലാ നേതൃത്വം വേണ്ടവിധം ആദരിച്ചില്ലെന്ന് പ്രവർത്തകരുടെ ആക്ഷേപം. സാധാരണ പാർട്ടി ഘടകങ്ങളിലെ അംഗങ്ങളുടെ ചരമവാർഷികത്തിൽ അതത് ഘടകങ്ങളുടെ സെക്രട്ടറി അനുസ്മരണക്കുറിപ്പ് മുഖപത്രത്തിൽ നൽകാറുണ്ട്. ബി.എസ്. രാജീവിന്റെ ജില്ലാകമ്മിറ്റിംഗമായതിനാൽ ഒന്നാം ചരമവാർഷികത്തിൽ പാർട്ടി മുഖപത്രത്തിൽ ജില്ലാ സെക്രട്ടറിയാണ് അനുസ്മരണക്കുറിപ്പ് നൽകേണ്ടിയിരുന്നത്. ഇക്കുറി അതുണ്ടായില്ല. പ്രവർത്തകർ നേരിട്ട് വട്ടിയൂർക്കാവിലും കുടപ്പനക്കുന്നിലും അനുസ്മരണയോഗങ്ങൾ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് കുടപ്പനക്കുന്നിലെ അനുസ്മരണയോഗത്തിൽ സുനിൽ പി. ഇളയിടമാണ് മുഖ്യപ്രഭാഷണം നടത്തിയത്. ഇൗ യോഗത്തിലും പ്രവർത്തകർ പാർട്ടിയുടെ അവഗണനയ്ക്കെതിരെ പ്രതിഷേധവും മുറുമുറപ്പുമുണ്ടായി. എന്നാൽ രാജീവിന്റെ ഒന്നാം ചരമവാർഷികം വേണ്ടവിധം നടത്താതിരുന്നത് മനഃപൂർവ്വമല്ലെന്ന വിശദീകരണമാണ് പാർട്ടി നേതൃത്വത്തിനുള്ളത്. അനുസ്മരണയോഗങ്ങളിൽ എല്ലാ നേതാക്കളും പങ്കെടുത്തിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ജില്ലയിലെ പാർട്ടിയുടെ സമുന്നതനേതാവായിരുന്ന ബി.എസ്. രാജീവിന്റെ പേരിലുള്ള ട്രസ്റ്റ് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.