pullela-gopichand-saina
pullela gopichand saina

2014 ൽ തന്റെ അക്കാഡമിയിൽ നിന്ന് സൈന നെഹ്‌വാൾ

വിട്ടുപോയതിനെക്കുറിച്ച്

പുല്ലേല ഗോപിചന്ദിന്റെ പുസ്തകം

ന്യൂഡൽഹി : കുട്ടിക്കാലം മുതൽ തന്റെ കീഴിൽ പരിശീലിച്ചുവന്ന സൈന നെഹ്‌വാൾ 2014 ൽ ഹൈദരാബാദിലെ തന്റെ അക്കാഡമി വിട്ട് ബാംഗ്ളൂരിൽ പ്രകാശ് പദുക്കോണിന്റെ അക്കാഡമിയിൽ യു. വിമൽകുമാറിന്റെ കോച്ചിംഗ് സ്വീകരിക്കാൻ പോയതിനെപ്പറ്റിയുള്ള വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദിന്റെ പുസ്തകം വരുന്നു.

ഗോപിചന്ദും കായിക ചരിത്രകാരൻ ബോറിയ മജുംദാറും പത്രപ്രവർത്തകൻ നളിൻ മേത്തയും ചേർന്നെഴുതുന്ന ''ഡ്രീംസ് ഒഫ് എ ബില്യൺ : ഇന്ത്യ ആൻഡ് ദി ഒളിമ്പിക് ഗെയിംസ് " എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തന്റെ പ്രിയശിഷ്യയും 2012 ലെ ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ സൈന വിട്ടുപോയതിനെക്കാൾ വേദനിപ്പിച്ചത് ഇക്കാര്യത്തിൽ താൻ മാനസ ഗുരുവായി കണ്ടിരുന്ന പ്രകാശ് പദുക്കോണിന്റെ നിലപാടുകളായിരുന്നുവെന്ന് ഗോപിചന്ദ് പറയുന്നു. ഇക്കാലം വരെയും പദുക്കോൺ തന്നെക്കുറിച്ച് പോസിറ്റീവായി ഒരുകാര്യം പോലും പറഞ്ഞിട്ടില്ലെന്ന് ഗോപിചന്ദ് പറയുന്നു,.

2014 ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷമാണ് സൈന ഗോപിചന്ദിനെ വിട്ട് ബാംഗ്ളൂരിലെ വിമൽകുമാറിന്റെ അക്കാദമിയിലേക്ക് മാറിയത്. ഗോപിചന്ദ് തന്നേക്കാൾ കൂടുതൽ ശ്രദ്ധ പി.വി. സിന്ധുവിന് നൽകുന്നുവെന്ന പരാതിയുമായാണ് സൈന ബാല്യകാലം മുതലുളള കോച്ചിനെ ഉപേക്ഷിച്ചത്. എന്നാൽ വിമൽകുമാറിന്റെ അടുത്തേക്ക് പോയെങ്കിലും സൈനയ്ക്ക് 2016 ലെ ഒളിമ്പിക്സിൽ ശോഭിക്കാനായില്ല. റിയോയിൽ പ്രാഥമിക റൗണ്ടുകൾ കടക്കാനാകാതെ മടങ്ങുകയും ചെയ്തു. 2017 ൽ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയശേഷം സൈന പുല്ലേല ഗോപിചന്ദിന്റെ പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.

സൈന ബാംഗ്ളൂരിലേക്ക് മാറിയതിനെപ്പറ്റി പിന്നീട് സൈനയുടെ ഭർത്താവായി മാറിയ പുരുഷ ബാഡ്മിന്റൺ താരം പി. കാശ്യപും പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. റിയോ ഒളിമ്പിക്സിന് ശേഷം പരിക്കും കൂടി ആക്രമിച്ചതോടെ സൈന ആകെ വിഷമിച്ചെങ്കിലും 2017 ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ശേഷമേ സൈന ഗോപിചന്ദിന്റെയടുക്കൽ തിരിച്ചെത്തിയുള്ളൂ എന്നും കാശ്യപ് പറഞ്ഞു.

പുസ്തകത്തിലുള്ളത്

സൈന വിട്ടുപോയത് വളരെ വേദനാജനകമായിരുന്നു. വിലപ്പെട്ടതെന്തോ എന്നിൽനിന്ന് തട്ടിയെടുക്കുന്നതുപോലെ തോന്നി. പിരിഞ്ഞുപോകരുതെന്ന് ഞാൻ നേരിട്ട് സൈനയോട് അഭ്യർത്ഥിച്ചു. എന്നാൽ അതിനുമുമ്പുതന്നെ മറ്റുള്ളവർ അവളുടെ മനസ് മാറ്റിയിരുന്നു. അതോടെ ഇനി തിരച്ചുവിളിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ വേർപിരിയൽ ഞങ്ങൾ രണ്ടുപേർക്കും ഗുണകരമാവില്ലെന്ന് മനസിൽ തോന്നിയിരുന്നു.

സൈനയെ മാത്രമല്ല, മറ്റു കുട്ടികളുടെ കാര്യവും എനിക്ക് നോക്കേണ്ടതുണ്ടായിരുന്നു. 2012 മുതൽ 2014 സിന്ധുവിന്റെ വളർച്ചയുടെ പ്രധാന ഘട്ടവുമായിരുന്നു. പക്ഷേ സൈനയുടെ കാര്യത്തിൽ ഞാനൊരു കുറവും വരുത്തിയിരുന്നില്ല. പക്ഷേ അത് അവളെ മനസിലാക്കിക്കാൻ കഴിയാതെപോയി.

പ്രകാശ് സാറോ, വിമലോ ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് ഒഫിഷ്യൽ വിരേൻ റാസ്‌ക്വിഞ്ഞയോ സൈനയോട് സംസാരിക്കണമായിരുന്നു. പക്ഷേ അതവർ ചെയ്തില്ല. അതിലുപരി ബാംഗ്ളൂരിലേക്ക് ചെല്ലാൻ പ്രോത്സാഹിപ്പിക്കുകയാണവർ ചെയ്തത്. ഞാൻ റോൾ മോഡലായാണ് പ്രകാശ്പദുക്കോൺ സാറിനെ കാണുന്നതെങ്കിലും എന്നെക്കുറച്ച് നല്ലതായി ഒരുവാക്കുപോലും അദ്ദേഹം സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നത് ദുരൂഹമാണ്.