തിരുവനന്തപുരം : കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എ.എസ്.ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുപേർ തെന്മലയിൽ നിന്നും രണ്ടു പേർ തിരുനെൽവേലിയിൽ നിന്നുമാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുനെൽവേലി മേൽപ്പാളയം സ്വദേശി ബിസ്മി നൗഷാദ്,തെങ്കാശി സ്വദേശി ഹനീഫാ എന്നിവരാണ് തിരുനെൽവേലിയിൽ നിന്ന് പിടിയിലായത്. തിരുനെൽവേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ധിഖ് എന്നിവരെയാണ് കൊല്ലം റൂറൽ പൊലീസിന്റെയും തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയിൽ തെൻമലയിൽ നിന്നും പിടി കൂടിയത്. സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് നവാസ്. മറ്റു നാലുപേരും നവാസിന്റെ സംഘത്തിൽപ്പെട്ടവരാണ്. ഇന്നലെ വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാൻ സണ്ണി കാറിൽ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറൽ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. .തെങ്കാശി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. രാത്രിവൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്.
കൊല ചെയ്ത ശേഷം അബ്ദുൾ ഷമീമും തൗഫീക്കും ഇവരെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടർന്ന് മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ പ്രതികൾ ആര്യങ്കാവ് ഭാഗത്തുണ്ടെന്ന സൂചന ലഭിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഇന്നലെ രാവിലെ പരിശോധന തുടങ്ങി.തമിഴ്നാട് ക്യൂ ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടിഎൻ 22 സികെ 1377 എന്ന നമ്പർ കാറിൽ സഞ്ചരിച്ചിരുന്ന പ്രതികളെ കണ്ടെങ്കിലും ആയുധങ്ങൾ കൈയ്യിലുണ്ടാകുമെന്ന സംശയത്തിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നു ശ്രമം. ഏറെ നേരം പിന്തുടർന്ന ശേഷം കൂടുതൽ പൊലീസിന്റെ സഹായത്തോടെ തെന്മല പാർക്കിംഗ് ഗ്രൗണ്ടിന് സമീപം ലോറി കുറുകെയിട്ട് ഇവർ സഞ്ചരിച്ചിരുന്ന കാർ തടയുകയായിരുന്നു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്നീടു പിടി കൂടി.