ഉള്ളൂർ: പൊട്ടക്കുഴിക്ക് സമീപത്തെ ബാറിൽ മദ്യപിച്ച ശേഷം അക്രമാസക്തരായ രണ്ട് നാഗാലാൻഡ് സ്വദേശികളെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. നാഗാലാൻഡ് ദിമാപൂർ സ്വദേശികളും നഗരത്തിലെ ഹോട്ടൽ ജീവനക്കാരുമായ കാംകി കോണ്യാ(23), പെസ (36) എന്നിവരെയാണ് എസ്.ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ സി.പി.ഒ പ്രവീൺ, നിഷാദ്, സാജൻ എന്നിവർ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഏറെനേരം മദ്യപിച്ച ഇവർ ആദ്യം ബില്ലിനെച്ചൊല്ലി ബാർ ജീവനക്കാരുമായി തർക്കത്തിലായി. ഇതിനുശേഷം അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോണ്യായും പെസയും തമ്മിലടിച്ചത് തടയാൻ ശ്രമിച്ച ബാർ ജീവനക്കാരൻ തുടുത്തമൂല സ്വദേശി ഷാജഹാനെയും ഇവർ മർദ്ദിച്ചു. ബാറിന് പുറത്തിറങ്ങിയ ശേഷവും ഇവർ അക്രമം തുടർന്നു. തടയാൻ ശ്രമിച്ച ആട്ടോഡ്രൈവർമാർ ഉൾപ്പെടെ നാട്ടുകാരെ ചുടുകട്ട ഉപയോഗിച്ച് ആക്രമിച്ച ശേഷം ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണോ എന്ന് പരിശോധിക്കാൻ നാഗാലാൻഡ് പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.