jaspreeth-bumrah

മുംബയ് : 2018-19 സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റർക്കുള്ള ബി.സി.സി.ഐയുടെ പോളി ഉമ്രിഗർ അവാർഡ് പേസർ ജസ‌്‌പ്രീത് ബുംറയ്ക്ക് . ഇന്നലെ മുംബയിൽ നടന്ന വാർഷിക പുരസ്കാരദാന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരനായ ബുംറ 2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട്, ആസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ ടെസ്റ്റിൽ ഒരിന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യത്തെ ഏഷ്യൻ ബൗളറെന്ന റെക്കാഡ് ബുംറ സ്വന്തമാക്കിയിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം നേടിയത് ബുംറയുടെ പ്രകടനത്തിലെ മികവിലായിരുന്നു.

വനിതാ വിഭാഗത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ലെഗ്‌സ്‌പിന്നർ പൂനം യാദവാണ്. കഴിഞ്ഞവർഷത്തെ അർജുന അവാർഡും പൂനത്തെ തേടിയെത്തിയിരുന്നു.

കേണൽ സി.കെ. നായ്ഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്പുരുഷതാരമായി കെ. ശ്രീകാന്തിനെയും വനിതാ താരമായി അൻജും ചോപ്രയെയും തിരഞ്ഞെടുത്തു.