ഒാക്‌ലാൻഡ് : മൂന്ന് വർഷത്തിനു ശേഷം ആദ്യമായി നേടിയ ഡബ്‌ള്യു.ടി.എ കിരീടവും സമ്മാനത്തുകയും ആസ്ട്രേലിയയിലെ കാട്ടുതീ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ നൽകി സെറീന വില്യംസ്.
ഒാക്‌ലാൻഡ് ക്ളാസിക് ഫൈനലിൽ സീഡ് ചെയ്യപ്പെടാത്ത സ്വന്തം നാട്ടുകാരി പെഗുലയെ 6-3, 6-4ന് കീഴടക്കിയ അമേരിക്കൻ താരമായ സെറീനയ്ക്ക് 43000 ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്. ഇതുമുഴുവൻ സമ്മാനദാന വേദിയിൽവച്ച് തന്നെ സെറീന സംഭാവന നൽകുകയായിരുന്നു.
2017 ലെ ആസ്ട്രേലിയൻ ഒാപ്പണിനുശേഷം സെറീന നേടുന്ന ആദ്യ ട്രോഫിയാണ് ഒാക്‌ലാൻഡിലേത്. പ്രസവത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന സെറീന അമ്മയെന്ന നിലയിൽ നേടുന്ന ആദ്യ കിരീടവുമാണിത്. 73 ഡബ്‌ളിയു.ടി.എ കിരീടങ്ങൾ നേടിയിട്ടുള്ള സെറീന 1999 ലാണ് ആദ്യകിരീടം നേടിയത്. 24 ഗ്രാൻസ്ളാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താനായി ഇൗമാസം ആസ്ട്രേലിയൻ ഒാപ്പണിന് ഇറങ്ങാൻ ഒരുങ്ങുകയാണ് 38 കാരിയായ സെറീന.
ബ്രിസ്ബേനിൽ
പ്ളിസ്കോവ
ബ്രിസ്ബേൻ : ബ്രിസ്ബേൻ ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റിൽ കിരീടം നേടി ലോക രണ്ടാം നമ്പർ ചെക്ക് താരം കരോളിന പ്ളിസ് കോവ. ഇന്നലെനടന്ന ഫൈനലിൽ മൂന്ന് സെറ്റ് പോരാട്ടത്തിൽ അമേരിക്കയുടെ മാഡിസൺ കെയ്സിനെ കീഴടക്കിയാണ് പ്ളിസ്കോവ കിരീടം ചൂടിയത്. രണ്ടുമണിക്കൂറും ഏഴ് മിനിട്ടും നീണ്ട പോരാട്ടത്തിൽ 6-4, 4-6, 7-5 എന്ന സ്കോറിനായിരുന്നു പ്ളിസ്കോവയുടെ വിജയം. കഴിഞ്ഞ നാലുവർഷത്തിനിടെ ഇത് മൂന്നാം തവണയാണ്. പ്ളിസ്കോവ ബ്രിസ്ബേനിൽ കിരീടം നേടുന്നത്.