ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടൻ ഹാം ഹോട്സ്പറിനെ കീഴടക്കിയ ലിവർപൂൾ പോയിന്റ് പട്ടികയിൽ സുരക്ഷിതമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ടോട്ടൻഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിട്ടിൽ റോബർട്ടോഫിർമിനോ നേടിയ ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. ഇതോടെ ചെമ്പടയ്ക്ക് 21 മത്സരങ്ങളിൽനിന്ന് 61 പോയിന്റായി.രണ്ടാംസ്ഥാനക്കാരായ ലെസ്റ്റർ സിറ്റിക്ക് 22 മത്സരങ്ങളിൽനിന്ന് 45 പോയിന്റേയുള്ളൂ. 35 പോയിന്റുകൾ കൂടി നേടിയാൽ ലിവർപൂളിന് ഇക്കുറി കിരീടം സ്വന്തമാക്കാം.
കഴിഞ്ഞവർഷം നടന്ന ഹോംമാച്ചിൽ ലെസ്റ്ററിനോട് 4-0 ത്തിന് തോറ്റ് നാണംകെട്ടിരുന്ന സതാംപ്ടൺ കഴിഞ്ഞരാത്രി എവേ മത്സരത്തിൽ 2-1ന് ജയിച്ച് പകരംവീട്ടി. 14-ംമിനിട്ടിൽ പ്രായേറ്റിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്ന ലെസ്റ്ററിനെ 19-ാം മിനിട്ടിൽ ആംസ്ട്രോംഗും 81-ാം മിനിട്ടിൽ ഇംഗ്സും നേടിയ ഗോളുകൾക്കാണ് സതാംപ്ടൺ കീഴടക്കിയത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാലുഗോളുകൾക്ക് നോർവിച്ച് സിറ്റിയെ കീഴടക്കി. മാർക്കസ് റാഷ്ഫോർഡ് രണ്ട് ഗോളുകൾ നേടിയപ്പോൾ അന്തോണി മാർഷലും ഗ്രീൻവുഡും ഒാരോ ഗോളടിച്ചു.
ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബേൺലിയെ കീഴടക്കി. ജോർജീഞ്ഞോ, ടാമി അബ്രഹാം, ഹഡ്സൺ ഒഡോയ് എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്.
മത്സരഫലങ്ങൾ
ലിവർപൂൾ 1- ടോട്ടൻ ഹാം 0
മാൻ. യുണൈറ്റഡ് 4-നോർവിച്ച് 0
വോൾവർ 1-ന്യൂകാസിൽ 1
സതാംപ്ടൺ 2-ലെസ്റ്റർ 1
എവർട്ടൺ 1-ബ്രൈട്ടൺ 0
ചെൽസി 3-ബേൺലി 0
പോയിന്റ് നില
ടീം, കളി, പോയിന്റ്
ലിവർപൂൾ 21-61
ലെസ്റ്റർ സിറ്റി 22-45
മാഞ്ചസ്റ്റർ സിറ്റി 21-44
ചെൽസി 22-39
മാൻ. യുണൈറ്റഡ് 22-34
ഷെഫീൽഡ് 22-32