1

പോത്തൻകോട്: അസുഖങ്ങൾ തളർത്തിയിട്ടും അതൊന്നും കൂസാതെ കൂലിപ്പണിയെടുത്തും കുടുംബം പുലർത്തിയിരുന്ന ഗൃഹനാഥനുണ്ടായ അപകടമരണത്തിന്റെ ഞെട്ടലിലാണ് പോത്തൻകോട് ഗ്രാമം. ജീർണ്ണിച്ച ട്യൂട്ടോറിയൽ കോളേജിന്റെ കെട്ടിടത്തിന്റെ ചുവരിടിഞ്ഞു മരിച്ച പോത്തൻകോട് ലക്ഷ്മി വിലാസം സ്‌കൂളിന് സമീപത്തെ മണ്ഡപകുന്ന് അനീഷ് ഭവനിൽ സണ്ണിയെന്ന ടൈറ്റസിന്റെ ആകസ്മികമരണം കുടുംബത്തെ മാത്രമല്ല,നാടിനെയാകെ ദു:ഖത്തിലാഴ്ത്തി.

വിവാഹ നിശ്ചയം കഴിഞ്ഞ ഇളയമകൻ സനുലാലിന്റെ വിവാഹ ഒരുക്കങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് ആകസ്മികമായി സണ്ണിയുടെ മരണം. ലോറിത്തൊഴിലാളിയായിരുന്ന സണ്ണി അസുഖങ്ങൾ കാരണം ആ പണി ഉപേക്ഷിച്ച് വീടിന് സമീപത്തെ സ്ഥാപനത്തിൽ സഹായിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു.

പോത്തൻകോട് പഞ്ചായത്തിലെ മണ്ണറ വാർഡിൽപ്പെട്ട അഞ്ചംഗ നിർദ്ധന കുടുംബത്തിന്റെ രണ്ട് സെന്റ് സ്ഥലത്ത് പഞ്ചായത്തിൽ നിന്നും വീട് അനുവദിച്ചിരുന്നു. അസുഖമാണെങ്കിലും കൂലിപ്പണിക്ക് ആരെങ്കിലും വന്നു വിളിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട് കരുതി സണ്ണി പോകുമായിരുന്നു. മൂത്തമകൻ പോത്തൻകോട് നിർമൽ ഗ്യാസ് ഏജൻസിയിൽ ജീവനക്കാരനാണ്. ഇളയമകൻ സനുലാൽ വഴുതക്കാട് സ്വകാര്യ സൈൻ ബോർഡ് കമ്പനി ജീവനക്കാരനാണ്. പഴകി ജീർണിച്ച കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകളെടുക്കാൻ രണ്ടുമാസം മുമ്പ് കെട്ടിട ഉടമ സമ്മതിച്ചിരുന്നതായും എന്നാൽ ഇന്നലെ ജനാല ഇളക്കിയെടുക്കാൻ ഉടമയോട് അനുവാദം ചോദിച്ചിരുന്നില്ലെന്നും അപകട സമയത്ത് സണ്ണിക്കൊപ്പമുണ്ടായിരുന്ന ക്ലമന്റ് പറഞ്ഞു.അപകടത്തെത്തുടർന്ന് കഴക്കൂട്ടത്ത് നിന്ന് ഫയർഫോഴ്സും പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സണ്ണിയെ പുറത്തെടുത്തത്. അനിതയാണ് സണ്ണിയുടെ ഭാര്യ. മക്കൾ: അനീഷ്,സനുലാൽ. മരുമകൾ: രജിത. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.