7 വിക്കറ്റുമായി എം.ഡി നിതീഷ്
തുമ്പ : പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ഒമ്പത് റൺസിന്റെ ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ചയെ നേരിട്ട് കേരളം.
ആദ്യ ഇന്നിംഗ്സിൽ 227 റൺസ് നേടിയിരുന്ന കേരളം രണ്ടാം ദിനമായ ഇന്നലെ പഞ്ചാബിനെ 218 ൽ ആൾ ഒൗട്ടാക്കി. എന്നാൽ തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങി കളിനിറുത്തുമ്പോൾ 88/5 എന്ന നിലയിലായി.
88 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ എം.ഡി നിതീഷാണ് പഞ്ചാബിനെ 218ൽ ഒതുക്കാൻ ചുക്കാൻ പിടിച്ചത്. ക്യാപ്ടൻ മൻദീപ് സിംഗ് (71), ഗുർക്കീരത്ത് സിംഗ് (37), സിദ്ധാർത്ഥ് കൗൾ (25) , അൻമോൽ മൽഹോത്ര (21) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്.
രണ്ടാം ഇന്നിംഗ്സിൽ റോബിൻ ഉത്തപ്പ (0), രോഹൻ പ്രേം (17), അക്ഷയ് ചന്ദ്രൻ (31), സച്ചിൻ ബേബി (10), വിഷ്ണു വിനോദ് (8), എന്നിവരെയാണ് കേരളത്തിന് നഷ്ടമായത്. കളിനിറുത്തുമ്പോൾ സൽമാൻ നിസാറും (7) മുഹമ്മദ് അസ്ഹറുദ്ദീനുമാണ് (8) ക്രീസിൽ.